mulapalli-ramachandran

തിരുവനന്തപുരം: കുറ്റവിചാരണ ചെയ്യപ്പെടുമെന്ന ഭയം കാരണമാണ് നിയമസഭാ സമ്മേളനം ഒഴിവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിച്ചതെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി സത്യത്തെ ഭയപ്പെടുന്നത് കൊണ്ടാണ് സഭാസമ്മേളനം മാറ്റാൻ ഏകപക്ഷീയമായി തീരുമാനമെടുത്തത്‍. സ്വർണക്കടത്ത് മുതൽ മുഖ്യമന്ത്രിയുടെ വിദേശയാത്രയും തുടർന്നുണ്ടായ കൺസൾട്ടൻസി കരാറുകളും വരെ ഞെട്ടിപ്പിക്കുന്ന അഴിമതി ആരോപണങ്ങൾ സഭാ സമ്മേളനം നടന്നിരുന്നെങ്കിൽ തുറന്നുകാട്ടപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിവാദങ്ങളുടെയും പ്രതിനായകൻ മുഖ്യമന്ത്രിയാണ്. നിയമസഭയിൽ കുറ്റവിചാരണ ചെയ്യപ്പെടുമെന്ന് ആരെക്കാളും നന്നായി മുഖ്യമന്ത്രിയ്ക്ക് അറിയാം. മുഖ്യമന്ത്രിയുടെ തുടരെത്തുടരെയുള്ള വിദേശയാത്രക്കളെ കുറിച്ചുള്ള പൂർണ വിവരം ഇതിനകം കേന്ദ്ര അന്വേഷണ ഏജൻസിയായ റോ ശേഖരിച്ചിട്ടുണ്ട്. ചട്ടങ്ങളും കീഴ് വഴക്കങ്ങളും എല്ലാം കാറ്റിൽപ്പറത്തി നടത്തിയ ഈ അഴിമതികളെക്കുറിച്ചുള്ള സകല വസ്തുതകളും കേന്ദ്ര സർക്കാരിന്റെ പക്കലുണ്ടായിട്ടും എന്തുകൊണ്ടാണ് അന്വേഷണവുമായി മന്ദഗതിയിൽ കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത് എന്നത് ദുരൂഹമാണെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ പറഞ്ഞു.

സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന പത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് ഒരു കാരണവുമില്ലാതെ സ്ഥലം മാറ്റാൻ ശ്രമിച്ചത്. പ്രതിഷേധം ഉയർന്നപ്പോൾ ഉത്തരവ് മരവിപ്പിച്ചെങ്കിലും ഇതുവരെ പിൻവലിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. ഈ സ്ഥലം മാറ്റൽ നടപടി ക്രമവിരുദ്ധമാണ്. അന്വേഷണം നിർണായക വഴിത്തിരിവിലെത്തിയപ്പോഴാണ് കേന്ദ്ര സർക്കാരിന്റെ നടപടി. ഇതിന് പിന്നിൽ സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒത്തുകളിയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.