orang

മോസ്കോ: ആസിഡ് അടക്കമുള്ള മാലിന്യം ഒഴുകിയെത്തിയതോടെ റഷ്യയിലെ പ്രസിദ്ധമായ യുറൽ നദിയുടെ രൂപവും നിറവും മാറി. നദീജലത്തിന് ഓറഞ്ച് നിറമായതാണ് വിസ്‌മയിപ്പിക്കുന്നത്. പ്രശസ്തനായ ഒരു ട്രാവൽ ബ്ലോഗറാണ് ഈ അത്ഭുത പ്രതിഭാസം ലോകത്തെ അറിയിച്ചത്. ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച നദിയുടെ ദൃശ്യങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി. നദീജലത്തിന്റെ നിറം ചുരുങ്ങിയകാലത്തിനുള്ളിൽ കടുത്ത ഓറഞ്ചായി മാറുകയായിരുന്നു.

ആസിഡ് ഉൾപ്പടെയുള്ള മാലിന്യങ്ങൾ പുറന്തള്ളിയതിനാലാണ് നദിയുടെ നിറം മാറിയതെന്നാണ് വിവരം.

നിസ്‌നി നോവ്‌ഗൊ റോ ജില്ലയിലെ ലെവിഷിൻസ്‌ക്കി ഖനിയിൽ നിന്നുള്ള മാലിന്യം നദിയിലേക്ക് ഒഴുകാൻ തുടങ്ങിയതോടെയാണ് നദിയിലെ വെള്ളത്തിന്റെ നിറം മാറിയത്. മാലിന്യത്തിൽ വിഷ, രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് അധിക‌ൃതർ കണ്ടെത്തി. നദീജലത്തിൽ ആസിഡ് ഉൾപ്പടെയുള്ള വിഷവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. വിഷയത്തിൽ പരിസ്ഥിതി സംഘടനകൾ പ്രതിഷേധം ശക്തമാക്കി. നദിയിലേക്ക് രാസവസ്തുക്കൾ ഒഴുക്കുന്നത് അവസാനിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഒരു റഷ്യൻ ഓയിൽ ടാങ്കറിൽ നിന്ന് വലിയ അളവിൽ എണ്ണ പുറത്തുവന്ന് നദിയിലെ വെള്ളം ചുവപ്പായതും വലിയ വാർത്തയായിരുന്നു.