തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊവിഡ് പ്രതിദിന രോഗബാധ ആയിരം കടന്നു. 1078 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായി രണ്ടാം ദിനമാണ് പ്രതിദിന രോഗികളുടെ കണക്ക് ആയിരം കടക്കുന്നത്. ഇതിൽ വിദേശത്ത് നിന്നും വന്നവരുടെ എണ്ണം 104 ആണ്. സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത് 798 പേർക്കാണ്. 115 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്. ഉറവിടമറിയാത്ത 65 കേസുകളുണ്ട്. ഇന്ന് കൊവിഡ് ബാധിച്ച് അഞ്ചുപേർ മരണമടഞ്ഞു. 432 പേർക്ക് രോഗം ഭേദമായി.
1,58,117 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. 9458 പേർ ചികിത്സയിലാണ്. 428 ഹോട്ട്സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോഴുളളത്. 16,110 രോഗബാധിതരാണ് സംസ്ഥാനത്ത് ആകെ ഉളളത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുളള കണക്ക് ഇങ്ങനെയാണ്.തിരുവനന്തപുരം 222, കൊല്ലം 106, എറണാകുളം 100, മലപ്പുറം 89, തൃശൂർ 83,ആലപ്പുഴ 82, കോട്ടയം 80, കോഴിക്കോട് 67,ഇടുക്കി 63, പാലക്കാട്-കണ്ണൂർ 51, കാസർഗോഡ് 47, പത്തനംതിട്ട 27, വയനാട് 10.
രോഗം ഗുരുതരമായിരിക്കുന്ന തിരുവനന്തപുരത്തെ 222 രോഗികളിൽ 100 പേർക്ക് സമ്പർക്കം വഴിയാണ് രോഗമുണ്ടായത്. ഇതിൽ 16 പേരുടെ ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇവിടെ എം എൽ എ ഉൾപ്പടെ നിരീക്ഷണത്തിലാണ്. കോഴിക്കോട് 20 വാർഡുകൾ അടച്ചു. വടകര നഗരസഭ കണ്ടെയ്‌ൻമെന്റ് സോണാണ്. കണ്ണൂരിൽ ആറ് സജീവ ക്ളസ്‌റ്ററുകളാണുളളത്. ആലുവ കീഴ്‌മാട് ക്ളസ്‌റ്ററിൽ സമ്പൂർണ ലോക്ഡൗണാണ്. മഠങ്ങളിലും ആശ്രമങ്ങളിലും കർശനം നിയന്ത്രണം കൊണ്ടുവരും. കൂടുതൽ ആരോഗ്യ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും രോഗമുണ്ടാകുന്നുണ്ട്. ജനപ്രതിനിധികൾ വേണ്ടത്ര ശ്രദ്ധ പാലിക്കണം. നേരിട്ട് വീടുകളിൽ ചെന്ന് സൗഹൃദം പുലർത്തേണ്ട ഘട്ടമല്ലിത്. അത് അറിയേണ്ടത് പൊതുപ്രവർത്തകരാണ്. ഏവരും ഒറ്റക്കെട്ടായി പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകണം. അടുത്ത ആഴ്ചകൾ പ്രധാനമാണ്. നമ്മുടെ പ്രവൃത്തികളാണ് നമ്മുടെ ഭാവി തീരുമാനിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങും എന്ന് തീരുമാനിക്കണം.