mom

ന്യൂഡൽഹി: നാലു വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ടംഗ സംഘത്തെ സാഹസികമായി നേരിട്ട് അമ്മ. ബൈക്കിലെത്തിയ രണ്ടുപേർ വീട്ടിൽനിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് ഇവരെ സധൈര്യം നേരിട്ട് അമ്മ കുട്ടിയെ രക്ഷിച്ചത്. ചൊവ്വാഴ്ച കിഴക്കൻ ഡൽഹിക്ക് സമീപമായിരുന്നു സംഭവം. വൈകിട്ട് നാലോടെ വീട്ടിലെത്തി വെള്ളം ചോദിച്ച സംഘം അമ്മയുടെ ശ്രദ്ധ മാറിയ ഉടൻ കുട്ടിയെ ബലമായി പിടിച്ച് ബൈക്കിൽ കയറ്റി. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട അമ്മ അതിവേഗം ഇവരെ നേരിട്ട് കുട്ടിയെ ബൈക്കിൽ നിന്ന് വലിച്ച് താഴെയിറക്കി. മാത്രമല്ല, രക്ഷപ്പെടാൻ അനുവദിക്കാതെ ബൈക്ക് പിടിച്ചുവയ്ക്കുകയും ചെയ്തു. ഇതിനിടെ ശബ്ദം കേട്ട് ആളുകൾ കൂടിയതോടെ പരിഭ്രാന്തിയിലായ കുറ്റവാളികൾ അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, റോഡിൽ തന്റെ സ്കൂട്ടർ കുറുകെവച്ച് ഇവരുടെ അയൽവാസി അക്രമികളുടെ വഴി തടസപ്പെടുത്തി ഒരാളെ ബൈക്കിൽ നിന്ന് തള്ളിതാഴെയിട്ടു. പിന്നാലെയെത്തിയ രണ്ടാമനെയും കീഴ്പ്പെടുത്താൻ ശ്രമിച്ചു. എന്നാൽ രണ്ട് പേരും ഓടി രക്ഷപ്പെട്ടു. ഇതിന്റെയെല്ലാം സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കുറ്റവാള‌ികൾ ഉപേക്ഷിച്ച് പോയ ബൈക്ക്, ബാഗ് എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികളെയും പൊലീസ് പിടികൂടി. ഇവരുടെ ബാഗിൽ നിന്ന് തോക്കും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു.

തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന് പിന്നിൽ കുട്ടിയുടെ ഇളയച്ഛനാണെന്നാണ് പൊലീസ് പറയുന്നത്. വസ്ത്രവ്യാപാരിയാണ് കുട്ടിയുടെ അച്ഛൻ. ഇദ്ദേഹത്തിന്റെ വളർച്ചയിൽ അസൂയതോന്നിയ സഹോദരൻ ഏർപ്പെടുത്തിയതു പ്രകാരമാണ് പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കുട്ടിയെ വിട്ടുകിട്ടാൻ 35 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടാൻ ലക്ഷ്യമിട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു.