secretariat

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണം സെക്രട്ടേറിയറ്റിലേക്കും നീളുന്നു. എം.ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിളിച്ചതിന് തൊട്ടു പിന്നാലെ സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് എൻ.ഐ.എ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി. ഹൗസ് കീപ്പിംഗിന്റെ ചുമതലയുള്ള അഡീഷണൽ സെക്രട്ടറി പി.ഹണിയെ എൻ.ഐ.എ ചോദ്യം ചെയ്തുവെന്നാണ് വിവരം.

എം. ശിവശങ്കറിന്റെ ഓഫിസിലേതടക്കമുള്ള ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എപ്പോൾ ആവശ്യപ്പെട്ടാലും ദൃശ്യങ്ങൾ ഹാജരാക്കണമെന്നാണ് നിർദേശം. സ്വർണക്കടത്തുകേസിൽ പ്രതിയായ സ്വപ്ന സുരേഷും സരിത്തും എം.ശിവശങ്കറിന്റേയും മന്ത്രിമാരുടേയും ഓഫിസുകൾ പലവട്ടം സന്ദർശിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുെട ഓഫിസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽ തന്നെയാണ് എം.ശിവശങ്കറിന്റെയും ഓഫിസ്. ഇവിടെയും പ്രതികൾ എത്തിയെന്ന് കരുതുന്ന മറ്റ് ഓഫിസുകളിലേയും സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കാനാണ് എൻ.ഐ.എയുടെ ശ്രമം.

ഇന്ന് ഉച്ചയോടെ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയെന്നാണ് വിവരം. കത്തിന്റെ പകർപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിനും കൈമാറിയിട്ടുണ്ട്. രണ്ടുമാസത്തെ സി.സി.ടി.വി ദൃശ്യങ്ങളാണ് എൻ.ഐ.എ ആവശ്യപ്പെട്ടിരിക്കുന്നത്.