mask

റാഞ്ചി: കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴയൊടുക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മന്ത്രിസഭ പാസാക്കിയ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് പുതിയ നിയമം സര്‍ക്കാര്‍ പുറത്തിറക്കിയത്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവരില്‍ നിന്നായി ഒരു ലക്ഷം രൂപ പിഴ ഈടാക്കും. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ രണ്ട് വര്‍ഷം വരെയാകും തടവ് ശിക്ഷ ലഭിക്കുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും കടുപ്പിച്ചത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ എത്തുന്നവരുടെ എണ്ണം ഉയര്‍ന്ന തോതിലാണ്.

രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്നതിനാലാണ് പിഴയടക്കമുള്ള ശിക്ഷകള്‍ സര്‍ക്കാര്‍ വിപുലീകരിച്ചത്. ജാര്‍ഖണ്ഡില്‍ ഇതുവരെ 6159 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 64 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടിട്ടുണ്ട്. ഇന്നലെ 439 പുതിയ കൊവിഡ് കേസുകളും മൂന്ന് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.

രോഗികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ വീടുകളിലും ആശുപത്രികളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം ഉയരുകയാണ്. ഇവരില്‍ പലരുടെയും ആരോഗ്യ നില മോശമായതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ സൗകര്യങ്ങളില്ലെന്ന ആരോപണം ശക്തമാണ്. കിടക്കകളുടെ കുറവ് രൂക്ഷമായതോടെ സ്വകാര്യ ആശുപത്രികളുടെ സഹായം സര്‍ക്കാര്‍ തേടി. വലിയ ഹാളുകളും മുറികളും കൊവിഡ് വാര്‍ഡുകളായി മാറിക്കഴിഞ്ഞു.