sivsankar

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ നിലവിൽ എൻ.ഐ.എ തിരുവനന്തപുരത്തെ പൊലീസ് ക്ളബിൽ ചോദ്യം ചെയ്‌തുകൊണ്ടിരിക്കുകയാണ്. ശിവശങ്കറിനെ കൂടുതൽ പ്രതിരോധത്തിലാക്കി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിൽ ശുപാർശകളുണ്ടെന്ന വിവരങ്ങളും വരുന്നുണ്ട്. കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷുമായി ശിവശങ്കറിനുള്ള ബന്ധം കൂടുതൽ വ്യക്തമാകണമെങ്കിൽ അദ്ദേഹത്തിന്റെ ഫോൺ വിളികൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് വിവാദത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത,​ ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ് എന്നിവരടങ്ങിയ രണ്ടംഗ സമിതി സർക്കാരിനോട് ശുപാർശ ചെയ്തു. ക്രിമിനൽ അന്വേഷണം നടക്കുമ്പോൾ തന്നെ സമാന്തരമായി വകുപ്പുതല അന്വേഷണം നടത്തുന്നതിന് കേന്ദ്ര വിജിലൻസ് കമ്മിഷന്റെ മാർഗനിർദ്ദേശങ്ങൾ പ്രകാരം തടസമില്ലെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. കേരള സ്‌റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ (കെ.എസ്.ഐ.ടി.എൽ) 36 തസ്‌തികകൾ സൃഷ്ടിച്ചത് സംബന്ധിച്ച് ധനകാര്യ പരിശോധനാ വിഭാഗം അന്വേഷിക്കണം. ഇതുകൂടാതെ ഐ.ടി വകുപ്പിന് കീഴിൽ വിവിധോദ്ദേശ്യ പദ്ധതികൾ ആവിഷ്‌കരിച്ചതിനെ കുറിച്ചും അന്വേഷിക്കണമെന്ന് റിപ്പോർട്ടിലുണ്ട്. പി.ഡബ്ല്യു.സിയെ കരിമ്പട്ടികയിൽപെടുത്തണം ഐ.ടി വകുപ്പിന്റെ സ്‌പേസ് പാർക്ക് പ്രോജക്ടിന്റെ കൺസൾട്ടൻസിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനിയെ ഐ.ടി വകുപ്പിന്റെ പദ്ധതികളിൽ നിന്ന് ഒഴിവാക്കുകയും കരിമ്പട്ടികയിൽ പെടുത്തണമെന്നും സമിതി ശുപാർശ ചെയ്തു. ഇ- മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി കരാറിൽ നിന്ന് പി.ഡബ്ല്യു.സിയെ ഒഴിവാക്കാൻ സർക്കാർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇ- മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസിക്ക് കൂപ്പറിനെ ശുപാർശ ചെയ്തതിന് പിന്നിൽ പദ്ധതിയുടെ ഉപദേശസമിതി കൺവീനറും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ശിവശങ്കറായിരുന്നു. സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് പി.ഡബ്ല്യു.സിയിൽ അഭിമുഖത്തിന് എത്തിയപ്പോഴും ശിവശങ്കറിന്റെ പേര് റഫറൻസായി ചൂണ്ടിക്കാട്ടിയിരുന്നു. കെ-ഫോണിന്റെയും വ്യവസായ ഇടനാഴിയുടെയും കൺസൾട്ടൻസി കരാർ കൂപ്പറിനെ ഏൽപിച്ചതിന് പിന്നിലും ശിവശങ്കറായിരുന്നു. പി.ഡബ്ല്യു.സി കൺസൾട്ടൻസി വഴി സ്‌പേസ് പാർക്കിൽ റിക്രൂട്ട്മെന്റ് നടത്തുന്നതിന് മൂന്ന് തസ്‌തികകളാണ് കണ്ടുവച്ചിരുന്നത്. എന്നാൽ, അതിൽ ഓപ്പറേഷൻസ് മാനേജ‌ർ തസ്തിക മാത്രമാണ് കൺസൾട്ടൻസി വഴി നികത്തിയത്. മറ്റ് രണ്ട് തസ്‌തികകൾ കേരള സ്‌റ്റേറ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ (കെ.എസ്.ഐ.ടി.എൽ) വ‌ർക്ക് അറേഞ്ച്മെന്റ് വഴി നികത്തുകയായിരുന്നു. യു.എ.ഇ കോൺസുലേറ്റിൽ സെക്രട്ടറിയായി ജോലി നോക്കവെ 2019 ആഗസ്റ്റിൽ സ്വപ്‌ന സുരേഷ്, ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ശുപാർശയോടെ സ്‌പേസ് പാർക്കിലെ സ്‌പെഷ്യൽ ഓഫീസറെ സമീപിച്ചതായും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് കെ.എസ്.ഐ.ടി.എൽ എം.ഡിയും സ്‌പേസ് പാർക്കും ശിവശങ്കറിന്റെ ശുപാർശയോടെയാണ് എത്തിയതെന്ന കാര്യം പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. സ്വപ്‌നയുടെ നിയമനത്തിൽ ശിവശങ്കറിന്റെ പങ്ക് സ്ഥിരീകരിക്കുന്നതിന് വേണ്ടി പി.ഡബ്ല്യു.സിയോട് ചില ചോദ്യങ്ങൾ സമിതി ഉന്നയിച്ചെങ്കിലും അവർ ഇതുവരെ മറുപടി നൽകിയിട്ടില്ല.