തെലങ്കാന: ഗാൽവൻ താഴ്‌വരയിൽ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷിക്ക് ഡെപ്യൂട്ടി കളക്‌ടറായി നിയമനം. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു നേരിട്ട് നിയമന ഉത്തരവ് കൈമാറി.
ഈ നടപടി രാജ്യത്തിനാകെ മാതൃകയാണെന്നും സന്തോഷിന്റെ കുടുംബത്തിനൊപ്പം എന്നും സർക്കാർ ഉണ്ടാകുമെന്നും റാവു വ്യക്തമാക്കി. ഹൈദരാബാദിലോ അല്ലെങ്കിൽ നഗരത്തിനോട് ചേർന്നുള്ള പ്രദേശങ്ങളിലോ സന്തോഷിയെ നിയമിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ജോലിയിൽ സഹായിക്കാൻ സെക്രട്ടറി സ്‌മിത സബർവാളിനോടും നിർദ്ദേശിച്ചു.
സന്തോഷിന്റെ കുടുംബത്തിന് കഴിഞ്ഞ മാസം അഞ്ചുകോടി രൂപ തെലങ്കാന സർക്കാർ കൈമാറിയിരുന്നു. സന്തോഷിക്ക് നാല് കോടിയുടെ ചെക്കും സന്തോഷിന്റെ മാതാപിതാക്കൾക്ക് ഒരു കോടിയുടെ ചെക്കും നൽകി. ഇതിനാെപ്പം വീട് നിർമ്മാണത്തിനായി ഹൈദരാബാദിൽ 711 ചതുരശ്ര അടി സ്ഥലവും സർക്കാർ പതിച്ചു നൽകി.
ജൂൺ 15ന് കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് സന്തോഷ് അടക്കം 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചത്. 16 ബിഹാർ റെജിമെന്റിലെ കമാൻഡിംഗ് ഓഫിസറായിരുന്നു സന്തോഷ്.