covid

ന്യൂഡൽഹി:ലോകത്താകമാനം കൊവിഡ് വൈറസ് എന്ന മഹാമാരി വരിഞ്ഞുമുറുക്കുകയാണ്. ഇന്ത്യയിൽ കൊവിഡ് രോഗികള്‍ 12 ലക്ഷം പിന്നിട്ടു. കൊവിഡ് രോഗബാധ വര്‍ദ്ധിക്കുന്നതിനിടയില്‍, രോഗമുക്തി നേടിയ ദക്ഷിണ കൊറിയയിലും ചൈനയിലും നിന്നും അത്ര സുഖകരമല്ലാത്ത വാര്‍ത്തയാണ് പുറത്തുവരുന്നത്. രോഗമുക്തി നേടിയവർ വീണ്ടും കൊവിഡ് വൈറസ് ബാധിച്ച് ചികിത്സ തേടുകയാണ്. സമാന കേസുകള്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രോഗമുക്തി നേടിയ ആളിൽ നിന്നും വീണ്ടും കൊവിഡ് ബാധിക്കുമോ എന്നതാണ് ജനങ്ങളില്‍ ഉയരുന്ന ചോദ്യം.

കൊവിഡ് രോഗമുക്തി നേടിയ ഡോക്ടറിന് 40 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. നോയിഡയിലെ ഡോക്ടറിനാണ് രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചത്. സമാന കേസ് കേരളത്തില്‍ നിന്നും പുറത്തുവരുന്നുണ്ട്. രോഗമുക്തി നേടുന്നവരുടെ രക്തത്തില്‍ ആന്റിബോഡി ഉണ്ടാകും, എന്നിട്ടും എങ്ങനെയാണ് വീണ്ടും രോഗം ബാധിക്കുന്നതെന്നതാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആശങ്ക.വൈറസ് രൂപാന്തരപ്പെടുകയും പുതിയ ആരോഗ്യ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും ചെയ്താല്‍ ഒരാള്‍ക്ക് വീണ്ടും കൊവിഡ് ഉണ്ടാകാം. ഈ അവസ്ഥയാണ് ചൈനയിലും ദക്ഷിണ കൊറിയയിലും ഇപ്പോള്‍ കാണുന്നത്. കൊവിഡ് രോഗമുക്തി നേടുന്ന രോഗികളില്‍ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടും. ഇത് കുറച്ച് മാസത്തേയ്ക്ക് പ്രതിരോധ ശേഷി നല്‍കും.

ജര്‍മനിയിലെ മ്യുണിച്ചില്‍ നടത്തിയ ഗവേഷണത്തില്‍, കൊവിഡ് രോഗമുക്തി നേടിയ ആളുകളില്‍ നടത്തിയ പരിശോധനകളില്‍ ആന്റിബോഡികളുടെ അളവ് കുറയുന്നതായി കാണാന്‍ സാധിച്ചു. ചൈനയില്‍ നടത്തിയ പരീക്ഷണത്തിലും സമാനമായ ഫലമാണ് ലഭിച്ചത്. കൊവിഡ് രോഗികളിലെ ആന്റിബോഡി രക്തത്തില്‍ നിലനില്‍ക്കുന്നില്ലെന്ന് ചൈനീസ് പഠനം വ്യക്തമാക്കുന്നു. കൊവിഡ് വൈറസിനെതിരായ പ്രതിരോധശേഷി ഇന്ത്യക്കാര്‍ക്ക് നിലവില്‍ ഉണ്ടെന്നും പാശ്ചാത്യ രാജ്യങ്ങളെക്കാള്‍ കൂടുതല്‍ സംരക്ഷിതരാണെന്നും എയിംസ് ഡയറക്ടര്‍ ഡോ. റണ്‍ദീപ് ഗുലേറിയ പറഞ്ഞു. സിംഗപ്പൂരില്‍ നടത്തിയ പഠനങ്ങളില്‍ ദക്ഷിണേഷ്യന്‍ മേഖലയില്‍ പലതരം വൈറസുകളെ പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.കൊവിഡ് ബാധിച്ച ഒരാള്‍ രോഗമുക്തി നേടിയാലും അയാള്‍ പൂര്‍ണ്ണമായും മോചിതനാകില്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലൂടെ വൈറസിനെ കണ്ടെത്താന്‍ സാധിക്കും.