അയോദ്ധ്യ: അയോദ്ധ്യയിൽ നിർമിക്കാനൊരുങ്ങുന്ന രാമക്ഷേത്രത്തിന് 161 അടി ഉയരമുണ്ടാകുമെന്ന് റിപ്പോർട്ട്. ക്ഷേത്രത്തിന്റെ വാസ്തുശില്പികളിൽ ഒരാളായ നിഖിൽ സോംപുരയാണ് ഇക്കാര്യം അറിയിച്ചത്. 1988 ൽ തയാറാക്കിയ രൂപകല്പനയനുസരിച്ച് 141 അടിയായിരുന്നു നിശ്ചയിച്ചിരുന്ന ഉയരം. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം നിരവധി പ്രമുഖർ പങ്കെടുക്കുന്ന ആഗസ്റ്റ് 5 ലെ ശിലാസ്ഥാപന ചടങ്ങിന് ശേഷമാണ് ക്ഷേത്രത്തിന്റെ പണികൾ ആരംഭിക്കുക.
"30 വർഷം മുമ്പാണ് ക്ഷേത്രത്തിന്റെ രൂപകല്പന തയാറാക്കിയത്. ധാരാളം ആളുകൾ ക്ഷേത്രദർശനത്തിനായി തയാറായി കാത്തിരിക്കുകയാണ്. തുടർന്ന് നടന്ന ചർച്ചകളിലാണ് ഉയരം 141ൽനിന്ന് 161 ആക്കിമാറ്റാൻ തീരുമാനിച്ചത്. "- മുഖ്യ ശില്പിയായ സി.സോംപുരയുടെ മകൻകൂടിയായ നിഖിൽ പറഞ്ഞു. നിർമ്മാണത്തിനായി ചുവപ്പ് നിറത്തിലുള്ള മാർബിളായിരിക്കും ഉപയോഗിക്കുകയെന്നും ഇത് നേരത്തെതന്നെ വാങ്ങി സൂക്ഷിച്ചിട്ടുണ്ടെന്നും നിഖിൽ കൂട്ടിച്ചേർത്തു. രണ്ടു മണ്ഡപങ്ങൾ കൂടി രൂപകല്പനയിൽ ചേർത്തിട്ടുണ്ട്. ഇതല്ലാതെ, എല്ലാ തൂണുകളും നിർമാണവും പഴയ രൂപകല്പന അനുസരിച്ച് തന്നെയായിരിക്കും. 3.5 വർഷമാണ് ക്ഷേത്രനിർമ്മാണത്തിനായി കരുതപ്പെടുന്നത്.
ക്ഷേത്രശില്പികൾ
മുഖ്യശില്പി സോംപുരയുടെ അച്ഛൻ പ്രഭാകറാണ് ഗുജറാത്തിലെ സോമനാഥ ക്ഷേത്രം നിർമിച്ചത്. ഗാന്ധിനഗറിലെ സ്വാമി നാരായൺ ക്ഷേത്രവും പലൻപുരിലെ അംബാജി ക്ഷേത്രവുമുൾപ്പെടെ 31 ക്ഷേത്രങ്ങൾ നിർമിച്ചിട്ടുണ്ട് സോംപുരയുടെ കുടുംബത്തിൽ നിന്നുള്ള വാസ്തുശിൽപ്പിമാർ.