secretariat

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനകത്തേക്ക് പരിശോധന വ്യാപിപ്പിച്ചത് സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. സർക്കാരിനെതിരെ ആക്രമണം കനപ്പിച്ച പ്രതിപക്ഷത്തിന്, നിയമസഭാസമ്മേളനം ഉപേക്ഷിക്കാനുള്ള തീരുമാനം മറ്റൊരു ആയുധവും. സ്വർണക്കടത്ത് വിവാദത്തിൽ പ്രതിരോധത്തിലായ സർക്കാരിന്, കൊവിഡ് വ്യാപനമേറുന്നതും പ്രതിസന്ധിയാണ്.

കേസിൽ എൻ.ഐ.എയുടെ പുതിയ നീക്കം ആകാംക്ഷയുണർത്തുന്നു. മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് പോലുള്ള നടപടികളിലേക്ക് നീങ്ങിയാലത് സർക്കാരിന് മേൽ സമ്മർദ്ദം കൂട്ടും.

ഇപ്പോഴത്തെ സാഹചര്യത്തിൽ നിയമസഭാസമ്മേളനം ചേരുന്നത് അതീവ സാഹസമാകുമെന്നാണ് പൊതുവെ കരുതുന്നത്. തിരുവനന്തപുരം നഗരസഭയിലെ 38 കൗൺസിലർമാരെ പരിശോധിച്ചതിൽ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതും, തലസ്ഥാനത്തെ ഒരു എം.എൽ.എ നിരീക്ഷണത്തിലായതും ആശങ്ക ശക്തമാക്കുന്നു. ഈ സ്ഥിതിക്ക് നിയമസഭാ ഹാളിൽ 140 അംഗങ്ങൾ ഒരുമിച്ചിരുന്നാലുള്ള സ്ഥിതി ഭയാനകമാവും.

എന്നാൽ, സ്വർണക്കടത്ത് വിവാദത്തിൽ സർക്കാരിനെതിരെ സഭയിൽ അവിശ്വാസപ്രമേയവും സ്പീക്കറെ നീക്കണമെന്ന പ്രമേയവുമായി തയ്യാറെടുത്തു നിന്ന പ്രതിപക്ഷത്തിന്, സമ്മേളനം ഉപേക്ഷിച്ചതും ആയുധമാണ്. പ്രതിപക്ഷത്തെ ഭയന്ന് സർക്കാർ ഒളിച്ചോടുന്നുവെന്നാണ് ആക്ഷേപം. ഭരണമുന്നണിയിലെ ഘടകകക്ഷികളിൽ പലർക്കും മുഖ്യമന്ത്രിയുടെ നടപടികളെ ന്യായീകരിക്കാൻ വൈമനസ്യമുണ്ടാവും എന്നതിനാലാണ് സമ്മേളനം ഒഴിവാക്കിയതെന്ന ആക്ഷേപവും ഉയർത്തുന്നു.

സഭാ സമ്മേളനം ഇപ്പോൾ ചേർന്നില്ലെങ്കിലും സെപ്തംബർ 13ന് മുമ്പ് ചേർന്നേ തീരൂ. ആറ് മാസത്തിലൊരിക്കൽ സഭ സമ്മേളിക്കണം. മാർച്ച് 13നാണ് അവസാനസമ്മേളനം പിരിഞ്ഞത്. സെപ്തബർ 13 കഴിഞ്ഞിട്ടും ചേർന്നില്ലെങ്കിൽ സഭയ്ക്ക് ഭരണഘടനാപരമായ സാധുതയില്ലാതാവും. സഭ പിരിച്ചുവിടപ്പെട്ട അവസ്ഥ വരും. അതിനാൽ, സെപ്തംബർ ആദ്യവാരം ചേരാമെന്നാണ് കണക്കുകൂട്ടൽ. കൊവിഡിന്റെ രൂപം അപ്പോഴെന്താവും, രാഷ്ട്രീയ കാലാവസ്ഥ എങ്ങനെയാവും എന്നതെല്ലാം കാത്തിരുന്ന് കാണേണ്ട കാര്യങ്ങൾ.