covid-brigade

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ശാക്തീകരിക്കുന്നതിനായി കൊവിഡ് ബ്രിഗേഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് പുറമെ സന്നദ്ധപ്രവർത്തകരെ കൂടി ഉൾപ്പെടുത്തിയാകും കൊവിഡ് ബ്രിഗേഡ് രൂപീകരിക്കുക. ഇതിൽ കരാർ ജീവനക്കാരുമുണ്ടാകും. ഇവർക്കെല്ലാം ആരോഗ്യ ഇന്‍ഷുറൻസിന്റെ പരിരക്ഷയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ കേന്ദ്രീകരിച്ചാകും കൊവിഡ് ബ്രിഗേഡിന്റെ പ്രവർത്തനം. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സന്നദ്ധരായി മുന്നോട്ടുവരുന്ന വിദ്യാർത്ഥികൾക്ക് അനുമോദന സർട്ടിഫിക്കറ്റ് നൽകും. കൊവിഡ് ബ്രിഗേഡ് പ്രവർത്തനങ്ങൾക്ക് എല്ലാ നല്ലമനസുള്ള പ്രവർത്തന സജ്ജരായ മുഴുവൻ ആളുകളും സന്നദ്ധരായി മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ താമസ സൗകര്യം തദ്ദേശഭരണ സ്ഥാപനങ്ങൾ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യവകുപ്പിലെ ജീവനക്കാർക്ക് പുറമെ നാഷണൽ ഹെൽത്ത് മിഷനിൽ ഉൾപ്പെടെ കൂടുതൽ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. ഇവർക്കെല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കും. ഇവർക്കാവശ്യമായ ഇൻസന്റീവും നൽകും. നാഷണൽ ഹെൽത്ത് മിഷനിലെ ജീവനക്കാർക്ക് കാലാനുസൃതമായ വരുമാനം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കും. താത്കാലികമായി എടുക്കുന്ന ജീവനക്കാർക്കും ഇന്നത്തെ കാലത്തിനനുസൃതമായുള്ള വരുമാനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.