upi

ന്യൂഡൽഹി: റെക്കറിംഗ് പേയ്‌മെന്റുകള്‍ക്ക് പരിഹാരമായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) യു.പി.ഐ ഓട്ടോപേ സൗകര്യം ഏര്‍പ്പെടുത്തി. യു.പി.ഐ 2.0 ന് കീഴില്‍ അവതരിപ്പിച്ച പുതിയ സംവിധാനം വഴി ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ബില്ലുകള്‍, വൈദ്യുതി ബില്ലുകള്‍, ഇ.എം.ഐ പേയ്മെന്റുകള്‍, ഒ.ടി.ടി സബ്സ്‌ക്രിപ്ഷനുകള്‍, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ടുകള്‍, വായ്പ പേയ്മെന്റുകള്‍ തുടങ്ങിയ റെക്കറിംഗ് പേയ്മെന്റുകള്‍ ഏതെങ്കിലും യു.പി.ഐ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നടത്താവുന്നതാണ്.

ബുധനാഴ്ച ഓണ്‍ലൈനായി നടന്ന വെര്‍ച്വല്‍ ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിവലിലാണ് യു.പി.ഐ ഓട്ടോപേ പ്രവര്‍ത്തനം ആരംഭിച്ചതായി എന്‍.പി.സി.ഐ അറിയിച്ചത്. യു.പി.ഐ ഓട്ടോപേ വഴി 2000 രൂപ വരെയുള്ള ഇടപാട് നടത്താം. ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്.ഡി.എഫ്‌.സി ബാങ്ക്, എച്ച്.എസ്.ബി.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഡി.എഫ്‌.സി ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, പേടിഎം പേയ്‌മെന്റ് ബാങ്ക്, ഓട്ടോപേ-ഡല്‍ഹി മെട്രോ, ഓട്ടോപേ- ഡിഷ് ടിവി, സി.എ.എം.എസ് പേ, ഫര്‍ലെന്‍കോ, ഗ്രോഫിറ്റര്‍, പോളിസി ബസാര്‍, ടെസ്റ്റ്ബുക്ക്.കോം, ദി ഹിന്ദു, ടൈംസ് പ്രൈം, പേടിഎം, പേയു, റേസര്‍പേ തുടങ്ങിയ ബാങ്കിംഗ് പ്ലാറ്റ്ഫോമുകള്‍ക്കും ഡിജിറ്റല്‍ പേയ്മെന്റ് ആപ്ലിക്കേഷനുകള്‍ക്കും യു.പി.ഐ ഓട്ടോപേ സംവിധാനം നേരത്തെ നിലവിലുണ്ട്. ജിയോ പേയ്മെന്റ്സ് ബാങ്ക്, എസ്.ബി.ഐ, യെസ് ബാങ്ക് എന്നിവ യു.പി.ഐ ഓട്ടോപേ സൗകര്യം ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാക്കും.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉപയോക്താക്കള്‍ ആവര്‍ത്തിച്ചുള്ള പേയ്മെന്റുകള്‍ നടത്തുന്ന രീതിയില്‍ വളരെയധികം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പുതിയ സംവിധാനം ദശലക്ഷക്കണക്കിന് യു.പി.ഐ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ പേയ്‌മെന്റ് നടത്തുന്നതിന് സഹായിക്കും. ഈ സൗകര്യം ഉപയോക്താക്കള്‍ക്ക് മാത്രമല്ല വ്യാപാരികള്‍ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.