sivasankar

കൊച്ചി: ഒമ്പതുമണിക്കൂർ നീണ്ട കസ്‌റ്റംസിന്റെ ചോദ്യംചെയ്യലിൽ എം. ശിവശങ്കർ പറഞ്ഞു നിറുത്തിയിടത്തു നിന്നാണ് ഇന്നലെ എൻ.ഐ.എ തുടങ്ങിയത്. സ്വർണക്കടത്ത് ഗൂഢാലോചനയിൽ ശിവശങ്കറിനുള്ള പങ്കാണ് പ്രധാനമായും അന്വേഷിക്കുന്നത്. സരിത്താണ് ശിവശങ്കറുമായി തങ്ങൾക്ക് ആഴത്തിലുള്ള ബന്ധമുണ്ടെന്ന് ഇരു ഏജൻസികളോടും വെളിപ്പെടുത്തിയത്. ഇത് മുഖവിലയ്‌ക്കെടുത്താണ് എൻ.ഐ.എ ചോദ്യാവലി തയ്യാറാക്കിയത്.

ഉന്നതരുമായുള്ള ബന്ധങ്ങളും ഗൂഢാലോചനയുടെ ചരടുകളും പൊട്ടിക്കാൻ കസ്‌റ്റംസിന് ചില പരിമിതികളുണ്ട്. അതിനാലാണ് രണ്ടാംഘട്ട ചോദ്യംചെയ്യലിൽനിന്ന് കസ്‌റ്റംസ് തത്കാലം മാറി എൻ.ഐ.എയ്‌ക്ക് വഴിതുറന്നത്. കേസിൽ ഇരു ഏജൻസികളും സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.

ഗൂഢാലോചനയിൽ ശിവശങ്കറിന്റെ പങ്ക് തെളിഞ്ഞാൽ അറസ്‌റ്റുണ്ടാകും. ആ വഴിയിലേക്ക് എൻ.ഐ.എ എത്താൻ മൂന്ന് പ്രധാന കാരണങ്ങളാണുള്ളത്.

1. തുറന്നു പറഞ്ഞ് സരിത്ത്

സ്വപ്‌നയും സന്ദീപ് നായരും അറസ്‌റ്റിലാകുന്നതിന് മുമ്പേ സരിത്ത് ശിവശങ്കറുമായുള്ള ബന്ധത്തെക്കുറിച്ച് കസ്‌റ്റംസിനോട് വെളിപ്പെടുത്തി. സ്വപ്‌നയുടെയും ശിവശങ്കറിന്റെയും ഫ്ളാറ്റിൽ താനും സ്വപ്‌നയും സന്ദീപും മറ്റു ചിലരും ഒത്തുകൂടുമായിരുന്നു. വിശേഷാവസരങ്ങളിൽ മദ്യസത്കാരവും ഒരുക്കി. വ്യക്തിപരമായ കാര്യങ്ങൾക്കുപോലും താങ്ങും തണലുമായിരുന്നു ശിവശങ്കർ. സ്വർണക്കടത്തിന്റെ പദ്ധതികൾ തയ്യാറാക്കിയിരുന്നത് ഈ ഫ്ളാറ്റുകളിൽ വച്ചാണ്. ഈ മൊഴിയാണ് നിർണായകമായത്.

2. ബന്ധം നിഷേധിച്ചു, പക്ഷേ

സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവരുമായി സൗഹൃദമുണ്ടെന്ന് സമ്മതിച്ചെങ്കിലും സ്വർണക്കടത്തുകാരാണെന്ന് അറിയില്ലെന്നാണ് ശിവശങ്കർ കസ്‌റ്റംസിനോട് പറഞ്ഞത്. സ്ഥിരമായി ഫ്ളാറ്റിൽ ഒത്തുകൂടിയിട്ടും സ്വർണക്കട‌ത്തുകാരാണെന്ന് അറിയില്ലെന്ന വാദത്തിന്റെ മുനയൊടിക്കാനാണ് എൻ.ഐ.എ നീക്കം. ശിവശങ്കറിന്റെ ശുപാർശയിൽ സ്വപ്‌ന വാടകയ്‌ക്കെടുത്ത ഫ്ളാറ്റിലും കടത്തു സ്വർണം എത്തിച്ചിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ സ്വപ്‌നയും സന്ദീപും ശിവശങ്കറിന്റെ പങ്ക് സമ്മതിച്ചതായാണ് വിവരം.

3. ഫോൺവിളികൾ

പ്രതികളുമായി ശിവശങ്കർ നട‌ത്തിയ ഫോൺവിളികളും ചാറ്റുകളും കേസിൽ നിർണായകമാണ്. സ്വപ്‌നയും സന്ദീപും ഒളിവിൽപോകുന്ന വിവരം ശിവശങ്കർ അറിഞ്ഞിരുന്നു. അതിന്റെ ചില ഡിജിറ്റൽ തെളിവുകൾ കസ്‌റ്റംസ് എൻ.ഐ.എയ്‌ക്ക് കൈമാറി. മൊബൈൽ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്‌ത സന്ദേശങ്ങൾ വീണ്ടെടുത്തപ്പോഴാണ് സുപ്രധാന വിവരങ്ങൾ ലഭിച്ചത്.