ബംഗളൂരു: കർണാടകയിൽ കൊവിഡിനെതിരായ പോരാട്ടത്തിൽ മുന്നിൽ നിന്ന ഡോക്‌ടർക്ക് ചികിത്സ നിഷേധിച്ച നടപടി വിവാദമാകുന്നു . രാമനഗര ജില്ലയിലെ കനകപുര താലൂക്കിൽ ചിക്കമുദവാഡി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർ എസ്.ടി മഞ്ജുനാഥിനാണ് ചികിത്സ നിഷേധിച്ചത്. പിന്നീട് ബംഗളൂരു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോഴേക്കും ഇദ്ദേഹം മരിച്ചു. മഞ്ജുനാഥിന്റെ കുടുംബത്തിൽ അഞ്ചുപേർക്കാണ് കൊവിഡ് ബാധിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയായ ദന്ത ഡോക്ടർ, 14 വയസുള്ള മകൻ എന്നിവരും ഇതിലുൾപ്പെടുന്നു.
കടുത്ത പനിയും ശ്വാസംമുട്ടലും മൂലമാണു മഞ്ജുനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. ഡോക്‌ടർ ആയിട്ടുപോലും മൂന്ന് സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകിയില്ല. കൊവിഡ് പരിശോധനാഫലം ഇല്ലെന്നതു ചൂണ്ടിക്കാട്ടിയാണ് ചികിത്സ നിഷേധിച്ചത്.
ജൂൺ 25നാണ് മഞ്ജുനാഥിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതും ആശുപത്രിയുടെ പ്രവേശനകവാടത്തിൽ കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടർന്നായിരുന്നു നടപടി. ഇടയ്‌ക്ക് നില മെച്ചപ്പെട്ടെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ ജൂലായ് 9ന് ബംഗളൂരു മെഡിക്കൽ കോളേജ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മഞ്ജുനാഥിന്റെ ശ്വാസകോശം വികസിക്കാത്തതിനെ തുടർന്ന് ഇദ്ദേഹത്തെ ‘പ്രോണ പൊസിഷനിൽ’ കിടത്തേണ്ടത് അത്യാവശ്യമായിരുന്നു. ഇതിനായി ഫിസിയോ തെറപ്പിസ്റ്റിന്റെ സേവനം തേടി. എന്നാൽ പി.പി.ഇ കിറ്റ് ധരിക്കാനോ കൊവിഡ് ഐ.സി.യുവിൽ പ്രവേശിക്കാനോ ഫിസിയോ തെറാപ്പിസ്റ്റ് തയാറായില്ല. തുടർന്ന് സ്വകാര്യ തെറാപ്പിസ്റ്റിന്റെ സേവനം തേടുകയായിരുന്നു. അദ്ദേഹം വരാൻ സമ്മതിച്ചുവെങ്കിലും തുടർ നടപടികൾ പൂർത്തിയാകാൻ കാലതാമസം നേരിടുകയായിരുന്നു.