ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിപുലമായ പദ്ധതികൾ നടപ്പിലാക്കാനൊരുങ്ങി ഇന്ത്യയും ഇസ്രായേലും.30 സെക്കൻഡിനുളളിൽ ദ്രുത പരിശോധന നടത്താൻ സാധിക്കുന്ന കിറ്റുകൾ നിർമിക്കാനുളള ശ്രമത്തിലാണ് ഇരു രാജ്യങ്ങളെന്നും ഇന്ത്യയിലെ ഇസ്രായേൽ എംബസി അറിയിച്ചു.കിറ്റുകൾ വികസിപ്പിക്കുന്നതിനായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും, ആർ ആൻഡ് ഡി സംഘവും ഇസ്രായേലിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള പ്രത്യേക വിമാനത്തിൽ എത്തിച്ചേരും.
ഇന്ത്യയുടെ മുഖ്യ ശാസ്ത്രജ്ഞൻ കെ. വിജയരാഘവൻ, ഡി.ആർ.ഡി.ഒ എന്നിവർ ചേർന്നാണ് പരിശോധനാ കിറ്റ് വികസിപ്പിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ ഇന്ത്യയിൽ നിന്നും ഏറെ സഹായം ലഭിച്ചുവെന്നും ഇസ്രായേൽ എംബസി അറിയിച്ചു.വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മരുന്നുകൾ,മാസ്കുകൾ ഉൾപ്പെടെ നിരവധി പ്രതിരോധ ഉപകരണങ്ങളാണ് ഇന്ത്യ ഇസ്രായലിന് നൽകിയിരുന്നത്.
അതേസമയം ഇസ്രായേലിൽ 56000 പേർക്കാണ് കൊവിഡ് ബാധിച്ചത്.ഇതിൽ 23000 പേർ രോഗമുക്തി നേടുകയും 433 പേർ മരണപ്പെടുകയും ചെയ്തു. ഇസ്രായേലിയൻ സംഘത്തെ ഇന്ത്യയിലേക്ക് അയയ്ക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ഇന്ത്യയിലുളള ഇസ്രായേൽ അംബാസിഡർ റോൺ മാൽക്ക പറഞ്ഞു.കൊവിഡ് പ്രതിരോധത്തിൽ ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം വിപുലീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു.