സാവോപോളോ : ബ്രസീലിൽ ചൈനീസ് കൊവിഡ് വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ അവസാനഘട്ടം ആരംഭിച്ചു. കൊവിഡിനെതിരെ നിർണായകമാകുമെന്ന് കരുതുന്ന സ്വകാര്യ ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനൊവാകിന്റെ കൊവിഡ് വാക്സിന്റെ അവസാനഘട്ടമാണ് ചൊവ്വാഴ്ച ബ്രസീലിൽ ആരംഭിച്ചത്. മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിലേക്ക് കടക്കുന്ന ലോകത്തെ മൂന്നാമത്തെ വാക്സിനാണ് സിനൊവാകിന്റേത്.
സാവോ പോളോയിലെ ഒരു ആശുപത്രിയിലെ 27 കാരിയായ ഡോക്ടറാണ് സിനൊവാക് വാക്സിന്റെ അവസാനഘട്ട പരീക്ഷണത്തിന്റെ ആദ്യ ഡോസിന് വിധേയയായത്. ' കൊറോണവാക് ' എന്നാണ് സിനൊവാക് തങ്ങളുടെ വാക്സിന് നൽകിയിരിക്കുന്ന പേര്.
ആറ് ബ്രസീലിയൻ സംസ്ഥാനങ്ങളിലായി 9,000 വോളന്റിയർമാർക്ക് രണ്ട് ഡോസ് വീതമാണ് വാക്സിൻ നൽകുക. അവസാനഘട്ട ട്രയൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകും. ആദ്യ 90 ദിവസത്തിനുള്ളിൽ തന്നെ പരീക്ഷണത്തിന്റെ ആദ്യം ഫലങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്ന് സാവോ പോളോ ഗവർണർ ജൊവാവോ ഡോറിയ പറഞ്ഞു.
ബ്രസീലിലെ ബൂടാൻടാൻ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് സിനൊവാക് ബ്രസീലിൽ പരീക്ഷണം തുടരുന്നത്. വാക്സിൻ പരീക്ഷണം വിജയിച്ചാൽ കരാർ അനുസരിച്ച് 120 മില്യൺ വാക്സിൻ ഡോസ് ബൂടാൻടാൻ ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കും.
നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. 2,234,000 ത്തിലേറെ പേരാണ് ബ്രസീലിൽ രോഗികളായുള്ളത്. 82,900 ലേറെ പേർ മരിച്ചു. ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലിൽ കൊവിഡ് വൈറസ് അതിവേഗത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ മിക്ക വാക്സിൻ നിർമാതാക്കളും തങ്ങളുടെ ക്ലിനിക്കൽ ട്രയൽ ബ്രസീലിൽ നടത്താനാണ് ലക്ഷ്യമിടുന്നത്.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലും ബ്രസീൽ പങ്കാളിയാകുന്നുണ്ട്. ഈ പരീക്ഷണം വിജയിച്ചാലും വാക്സിൻ ബ്രസീലിൽ തദ്ദേശീയമായി വികസിപ്പിക്കും.
മറ്റൊരു ചൈനീസ് കമ്പനിയായ സിനൊഫ്രമിന്റെ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഈ മാസം യു.എ.ഇയിൽ ആരംഭിച്ചിരുന്നു.