തിരുവനന്തപുരം: ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത് പൂർത്തിയായി. തിരുവനന്തപുരത്തെ പേരൂർക്കട പൊലീസ് ക്ലബിൽ അഞ്ച് മണിക്കൂറോളമാണ് ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്‌തത്. പ്രാഥമികഘട്ട ചോദ്യം ചെയ്യലായിരുന്നു ഇന്ന് നടന്നത്. ചോദ്യം ചെയ്യൽ ഇനിയും തുടരുമെന്നാണ് വിവരം. ശിവശങ്കറിനെ നേരത്തെ കസ്റ്റംസും ചോദ്യം ചെയ്‌തിരുന്നു.
എൻ.ഐ.എ അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്ന് ശിവശങ്കർ ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉദ്യോഗസ്ഥനെന്ന നിലക്കാണ് കേസിൽ എൻ.ഐ.എയുടെ നടപടി. നാല് മണിയോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ എം ശിവശങ്കർ പേരൂർക്കടയിലെ പൊലീസ് ക്ലബിലേക്ക് എത്തിയത്.
സ്വപ്നയും സന്ദീപ് നായരും അടക്കം സ്വർണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് ശിവശങ്കറിനെ ചോദ്യം ചെയ്തിരിക്കുന്നത്. സ്വർണക്കടത്ത് സംഘത്തോട് ഇടപെട്ടിരുന്നത് എല്ലാ വിവരങ്ങളും അറിഞ്ഞു കൊണ്ട് തന്നെയാണോ , ഇവരുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങൾ , ഔദ്യോഗിക പദവി ഉപയോഗിച്ചോ വ്യക്തിപരമായോ അല്ലാതെയോ സ്വർണക്കടത്ത് സംഘത്തിന് സഹായം ചെയ്തോ തുടങ്ങിയ കാര്യങ്ങളാണ് ശിവശങ്കറിൽ നിന്ന് അറിയേണ്ടത്.
ഇക്കാര്യത്തിലെല്ലാം ശിവശങ്കറിന്റെ മൊഴിയും അതിന്റെ വിശ്വാസ്യതയും മുൻ നിർത്തിയാകും കേസിലെ തുടർ നീക്കം. കസ്റ്റംസ് ഒമ്പതര മണിക്കൂറാണ് ചോദ്യം ചെയ്‌തതെങ്കിൽ എൻ.ഐ.എ അഞ്ച് മണിക്കൂർ കൊണ്ട് ചോദ്യം ചെയ്യൽ അവസാനിപ്പിക്കുകയായിരുന്നു.