dead-body

കൊൽക്കത്ത: ജനറല്‍ ആശുപത്രിയിലെ ഐസൊലേഷൻ വാ‌ർഡിൽ കഴിയാൻ എത്തിയ രോഗി ഒരിക്കലും വിചാരിച്ച് കാണില്ല അടുത്ത ദിവസം ഒരു മൃതദേഹത്തിന് അരികിലാകും താൻ കിടക്കേണ്ടി വരിക എന്ന്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ജനറല്‍ ആശുപത്രിയിലാണ് കൊവിഡ് രോഗ ലക്ഷണങ്ങളുമായി എത്തിയ 55കാരന് മൃതദേഹത്തിന് അടുത്ത കട്ടിലിൽ കിടക്കേണ്ടി വന്നത്.

കൊവിഡ് -19 ന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നോര്‍ത്ത് 24 പര്‍ഗാനാസില്‍ നിന്നാണ് നാദിയ ജില്ലയിലെ ജനറല്‍ ആശുപത്രിയിലേയ്ക്ക് രോഗി എത്തിയത്.കോളേജ് ഓഫ് മെഡിസിന്‍ ആൻഡ് ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡിൽ നിന്നാണ് രോഗിക്ക് ദുരനുഭവം ഉണ്ടായത്. അനുവദിച്ച കിടക്കയിൽ എത്തിയപ്പോഴാണ് തൊട്ടടുത്ത കട്ടിലിൽ മൃതദേഹം കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വ്യാഴാഴ്ച രോഗി വീഡിയോ എടുക്കുന്ന വരെയും അധികൃതർ മൃതദേഹം അവിടെ നിന്ന് മാറ്റുന്ന കാര്യം ശ്രദ്ധിച്ചില്ല.വീഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഐസൊലേഷൻ വാര്‍ഡിലെ എട്ടാം നമ്പര്‍ ബെഡിലായിരുന്നു രോഗി. ഓക്‌സിജന്‍ സിലിണ്ടർ സൗകര്യമൊരുക്കിയിരുന്നു.

കൊവിഡിന്റെ നേരിയ രോഗലക്ഷണവുമായി എത്തുന്നവരെയാണ് ഇവിടെ ചികിത്സിക്കുന്നത്. കൊവിഡ് -19 ന്റെ സാമ്പിളുകള്‍ പരിശോധിച്ച് പോസിറ്റീവ് ആണെന്ന് തെളിഞ്ഞാൽ അവരെ അടുത്തുള്ള കൊവിഡ് ആശുപത്രിയിലേക്ക് മാറ്റും.'ഇന്നലെ രാത്രി ഇയാള്‍ മരിച്ചിരുന്നു, മൃതദേഹം കട്ടിലില്‍ കിടത്തിയിരിക്കുകയായിരുന്നു.അടുത്തുള്ള കട്ടിൽ ആണ് എനിക്ക് ലഭിച്ചത് 'രോഗി പറഞ്ഞു. ചുമയും ജലദോഷവും ശ്വാസതടസ്സവുമായി എത്തിയ തനിക്ക് കൊവിഡ് രോഗി ഉപയോഗിച്ചിരുന്ന കിടക്കയാണ് നൽകിയതെന്നും രോഗി ആരോപിച്ചു.

ജെ.എന്‍.എം ആശുപത്രി സൂപ്രണ്ട് ഡോ. അഭിജിത് മുഖര്‍ജി രോഗിയുടെ ആരോപണത്തിൽ പ്രതികരിച്ചു. ആരോഗ്യ പ്രവ‌ർത്തകരുടെ കുറവ് കാരണം മ‌ൃതദേഹം മാറ്റാൻ കാലതാമസമുണ്ടാകുമെന്നും എന്നാല്‍ സേവനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട് എന്നും പറഞ്ഞു.