തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ അന്വേഷണം ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലേക്ക് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). വ്യാപിപ്പിച്ചതോടെ,സർക്കാർ കൂടുതൽ പ്രതിസന്ധിയിൽ.
കേസിലെ മുഖ്യപ്രതികളായ സ്വപ്നയും സരിത്തും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫീസുകളിൽ പതിവായി എത്താറുണ്ടായിരുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ്, തെളിവുകൾ തേടി എൻ.ഐ.എ സംഘം എത്തിയത് . സെക്രട്ടേറിയറ്റിലെ സിസിടിവി, സുരക്ഷാ കാമറകളിലെ ദൃശ്യങ്ങൾ കൈമാറാനാവശ്യപ്പെട്ട് ചീഫ്സെക്രട്ടറിക്ക് കത്ത് നൽകി. ഹൗസ്‌കീപ്പിംഗ് ചുമതലയുള്ല അഡിഷണൽ സെക്രട്ടറി പി.ഹണിയിൽ നിന്ന് എൻ.ഐ.എ ഡിവൈ.എസ്.പി രണ്ട് മണിക്കൂറോളം വിവരങ്ങൾ ശേഖരിച്ചു. സെക്രട്ടേറിയറ്റിൽ തങ്ങളുടെ സൈബർ ഫോറൻസിക് വിഭാഗത്തിന്റെ പരിശോധന വേണ്ടിവരുമെന്ന് എൻ.ഐ.എ അറിയിച്ചിട്ടുണ്ട്. എൻ.ഐ.എ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ നൽകാൻ ഇന്നലെ വൈകിട്ട് ചീഫ്സെക്രട്ടറി വിശ്വാസ് മേത്ത ഉത്തരവിറക്കി.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ, ഐടി ഫെലോയായിരുന്ന അരുൺ ബാലചന്ദ്രൻ, സ്വപ്‌നയെ തുടർച്ചയായി വിളിച്ച മന്ത്രി കെ.ടി.ജലീൽ, പേഴ്സണൽ സ്റ്റാഫംഗം എം.നാസർ എന്നിവർ എൻ.ഐ.എ അന്വേഷണ പരിധിയിലാണ്. സ്വപ്നയുടെ ആറ് സിം കാർഡുകൾ പരിശോധിച്ച് ഉന്നതരുമായുള്ള ബന്ധം കണ്ടെത്തിയിരുന്നു. സെക്രട്ടേറിയറ്റിലെ കാമറാദൃശ്യങ്ങൾ ആവശ്യപ്പെടുമ്പോൾ കൈമാറണമെന്ന് എൻ.ഐ.എ പൊതുഭരണവകുപ്പിനെ അറിയിച്ചു. ഇടിമിന്നലേറ്റ് തകരാറിലായ കാമറാ സംവിധാനം നന്നാക്കിയതായി പൊതുഭരണവകുപ്പ് അറിയിച്ചു. ഇതിന്റെയും, തന്ത്രപ്രധാന സ്ഥലങ്ങളിലെ കാമറാ ദൃശ്യങ്ങൾ സൂക്ഷിക്കുന്നതിന്റെയും വിവരങ്ങൾ ചോദിച്ചറിഞ്ഞു.. കാമറാ സംവിധാനം തകരാറിലാണെന്നറിയിച്ച് ചീഫ്സെക്രട്ടറിക്ക് പൊതുഭരണവകുപ്പ് നൽകിയ കത്തും പിടിച്ചെടുത്തു. സെക്രട്ടേറിയറ്റിലും രണ്ട് അനക്സുകളിലും ഗേറ്റുകളിലുമായി 83 കാമറകളുണ്ട്. ഇതിൽ നാലെണ്ണം തകരാറിലാണ്.
എൻ.ഐ.എ തേടുന്നത്
*സ്വപ്നയും സരിത്തും സെക്രട്ടേറിയറ്റിൽ ആരെയൊക്കെ, എപ്പോഴൊക്കെ കണ്ടു. കാമറാദൃശ്യങ്ങളിൽ
തിരിമറി നടത്തിയോ?.
*നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലുള്ള മുഖ്യമന്ത്രിയുടെയും, നാലാം നിലയിലുള്ള.ശിവശങ്കറിന്റെയും ഓഫീസിൽ പ്രതികൾ എത്തിയിരുന്നോ?.
* മുഖ്യമന്ത്രിയുടെ ഐടി ഫെലോയായിരുന്ന അരുൺ ബാലചന്ദ്രനുമൊത്തും, ചീഫ്സെക്രട്ടറിയുടെ ഓഫീസിലെ സ്പെഷ്യൽ സെല്ലിലും പ്രതികളെത്തിയിരുന്നോ?
*സെക്രട്ടേറിയറ്റ് ഗേറ്റിലെ കാമറകളിൽ തൊട്ടടുത്ത് ശിവശങ്കറും സ്വപ്നയും വാടകയ്ക്കെടുത്ത ഫ്ലാറ്റ്, ഗൂഢാലോചന നടത്തിയ ഹോട്ടൽ എന്നിവിടങ്ങളിലെ ദൃശ്യങ്ങളുണ്ടോ?
*സ്വർണമെത്തിയ ദിവസങ്ങളിൽ പ്രതികൾ ശിവശങ്കറിന്റെ വാഹനമടക്കം ദുരുപയോഗിച്ചോ?..
* ഏതൊക്കെ മന്ത്രിമാരുടെ ഓഫീസുകളിൽ പ്രതികളെത്തിയിരുന്നു?.