ബംഗളൂരു: കൊവിഡ് പ്രതിരോധത്തിൽ മുന്നിൽ നിന്ന് , നിരവധിപ്പേരെ വൈറസിൽ നിന്നും രക്ഷപെടുത്തിയ ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു. ചികിത്സയ്ക്കായി മൂന്ന് ആശുപത്രികളിൽ കയറിയിറങ്ങിയെങ്കിലും ആദ്യ ദിവസങ്ങളിൽ ഡോക്ടർ മഞ്ജുനാഥിന് പ്രവേശനം ലഭിച്ചിരുന്നില്ല.ഒടുവിൽ ചികിത്സ ലഭ്യമാക്കിയപ്പോഴേക്കും രോഗം മൂർദ്ധന്യാവസ്ഥയിലെത്തിയിരുന്നു.
കൊവിഡ് ബാധിച്ച് 28 ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ ബംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് മരണമടഞ്ഞത്. കൊവിഡ് പ്രതിരോധ ചികിത്സയിലിരിക്കെയാണ് 50കാരനായ ഡോ. മഞ്ജുനാഥിന് അസുഖം ബാധിച്ചത്. ചികിത്സയ്ക്കായി മൂന്ന് സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും ആവശ്യമായ രേഖകളില്ലെന്ന് പറഞ്ഞ് ഡോക്ടർക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു. രണ്ട് ദിവസം മുൻപ് ഡോക്ടറുടെ ഭാര്യാപിതാവും കൊവിഡ് ബാധിച്ച് മരിച്ചു. ജൂൺ 25നാണ് ഡോ. മഞ്ജുനാഥിനും ഭാര്യാപിതാവിനും കടുത്ത ശ്വാസതടസവും പനിയും ആരംഭിച്ചത്. കൊവിഡാണെന്ന് സംശയം തോന്നിയതിനാൽ ആശുപത്രികളെ സമീപിച്ചെങ്കിലും കിടക്ക പോലും ലഭിച്ചില്ല. തുടർന്ന് നാലു ഡോക്ടർമാർ കുമാരസ്വാമി ലേഔട്ടിലെ ആശുപത്രിക്ക് മുന്നിൽ സമരം ചെയ്താണ് ജൂൺ 28ന് മഞ്ജുനാഥിന് ചികിത്സാ സൗകര്യം ഒരുക്കിയത്. ജൂലായ് 9 ഓടെ രോഗം മൂർച്ഛിക്കുകയും ഡോക്ടറെ ബംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചതും. ഡോക്ടറുടെ 14കാരനായ മകൻ ഉൾപ്പെടെ കുടുംബത്തിലെ ആറു പേർക്ക് കൊവിഡ് ബാധിച്ചെങ്കിലും അവർക്കെല്ലാം പിന്നീട് ഭേദമായി.