india-china

ന്യൂഡൽഹി: ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയോട് ചേർന്ന പ്രദേശങ്ങളിൽ നിന്ന് ചൈനീസ് സൈന്യം പൂർണമായും പിന്മാറിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. ഡെസ്പാംഗ്, ഗോഗ്ര, പാംഗോങ്ങിനോടു ചേർന്ന ഫിംഗേഴ്സ് മേഖല എന്നിവിടങ്ങളിൽ ഇപ്പോഴും സേനാവിന്യാസമുണ്ട്. 40,000ത്തോളം വരുന്ന സൈനികരാണ് ചൈനയ്ക്കു വേണ്ടി നിലയുറപ്പിച്ചിരിക്കുന്നത്.

വ്യോമപ്രതിരോധ സംവിധാനങ്ങൾ, സായുധസേന, പീരങ്കികൾ തുടങ്ങിയവ ചൈന മേഖലയിൽ എത്തിച്ചിട്ടുണ്ടെന്നും ഇവിടെനിന്നു പിന്മാറുന്ന ലക്ഷണങ്ങൾ കാണിക്കുന്നില്ലെന്നും വാർത്ത ഏജൻസിയായ എ.എൻ.ഐ പറയുന്നു. 40,000 സൈനികരാണ് ഇവിടെ നിലയുറപ്പിച്ചിരിക്കുന്നതെന്നും വാർത്താ ഏജൻസി വ്യക്തമാക്കുന്നു.

ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളായ ഗൽവാൻ, ഹോട്ട്സ്‌പ്രിംഗ്, ഫിംഗർ 4 എന്നിവിടങ്ങളിൽ നിന്നാണ് ചൈനീസ് സൈന്യം നിലവിൽ പിന്മാറിയത്. ഫിംഗർ 5 മുതൽ ഫിംഗർ 8 വരെയുള്ള മേഖലയിൽ ചൈനീസ് സൈനികർ തുടരുകയാണ്. ഫിംഗർ 5 മേഖലയിൽ നിന്ന് ചൈന പിന്മാറാൻ തയാറായിട്ടില്ല. ഇവിടെ നിരീക്ഷണ പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള തയാറെടുപ്പിലാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രിയും നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് പാംഗോംഗിനോട് ചേർന്ന തർക്ക മേഖലയിൽ നിന്ന് സൈനികരെ പിൻവലിക്കാൻ ചൈന തയാറായത്. പിന്നീട് ഉന്നത സൈനികതല ചർച്ചകൾ പലതവണകളായി നടന്നു. സേനാപിന്മാറ്റവും ചർച്ചയായി. ജൂലായ് 14-15 തീയതികളിൽ നടന്ന ചർച്ചയിൽ മേഖലയിൽ നിന്ന് സൈനികരെ പിൻവലിക്കുന്നത് നിരീക്ഷിക്കാൻ തീരുമാനിച്ചിരുന്നു.