india-and-israel

ന്യൂഡൽഹി: ഒരാളുടെ സ്വരത്തിലൂടെയും ശ്വാസത്തിലൂടെയും മാത്രം കൊവിഡ് രോഗമുണ്ടോ ഇല്ലയോ എന്നറിയാൻ സാധിക്കുന്ന സാങ്കേതിക വിദ്യയ്ക്കായി ഇസ്രായേൽ, ശാസ്ത്രജ്ഞന്മാരുടെ സംഘത്തെ ഇന്ത്യയിലേക്ക് അയയ്ക്കുന്നു. ഇന്ത്യൻ ശാസ്ത്രജ്ഞരുമായി സഹകരിച്ചുകൊണ്ട് നാല് വ്യത്യസ്ത കൊവിഡ് രോഗനിർണയ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്.

ആദ്യത്തെ രണ്ട് സംവിധാനങ്ങൾ രോഗ നിർണയത്തിനായി കൊവിഡ് രോഗമുണ്ടെന്ന് സംശയിക്കപ്പെടുന്നയാളുടെ ഉമിനീരാണ് ഉപയോഗപ്പെടുത്തുന്നത്. മൂന്നാമത്തെ രോഗനിർണയ സംവിധാനം നിർമിത ബുദ്ധിയെയാണ്(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) രോഗം കണ്ടുപിടിക്കാനായി ആശ്രയിക്കുന്നത്.

കൊവിഡ് രോഗം മനുഷ്യന്റെ ശ്വാസകോശത്തെയാണ് ആക്രമിക്കുന്നതെന്നതുകൊണ്ട് ശ്വാസം വലിക്കുന്ന സ്വഭാവത്തിൽ മാറ്റങ്ങളുണ്ടാകും. അതിനാൽ 'എ.ഐ' ഉപയോഗിച്ചുകൊണ്ട് രോഗസംശയിക്കപ്പെടുന്നയാളുടെ ശ്വാസഗതി അളക്കാനും അതുവഴി രോഗം കണ്ടെത്താനും സാധിക്കും.

ഇതിനായി സ്മാർട്ട്ഫോൺ പോലും ഉപയോഗപ്പെടുത്താവുന്നതാണെന്നും ഇസ്രായേലി ശാസ്ത്രജ്ഞന്മാർ കണക്കുകൂട്ടുന്നു. നാലാമത്തെ കൊവിഡ് ടെസ്റ്റ് സംവിധാനം രോഗം സംശയിക്കപ്പെടുന്നയാളുടെ 'ശ്വാസ സാംപിൾ' ശേഖരിച്ചുകൊണ്ടാണ്. ഇയാളോട് ഡോക്ടർമാർ ഒരു കുഴലിലേക്ക് ശ്വസിക്കാനായി ആവശ്യപ്പെടും.

ശേഷം, ഈ 'സാംപിൾ' ഒരു യന്ത്രത്തിലേക്ക് ഘടിപ്പിച്ച ശേഷം, റേഡിയോ തരംഗങ്ങളും ചില അൽഗോരിതങ്ങളും ഉപയോഗിച്ചുകൊണ്ട് ശ്വാസത്തിൽ വൈറസിന്റെ സാന്നിദ്ധ്യം ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താൻ സാധിക്കും. ഇന്ത്യയുടെ മുഖ്യ ശാസ്ത്രജ്ഞൻ കെ. വിജയരാഘവൻ, ഡി.ആർ.ഡി.ഒ എന്നിവർ ചേർന്നാണ് പരിശോധനാ സംവിധാനങ്ങൾ വികസിപ്പിക്കുന്നത്.

കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ ഇന്ത്യയിൽ നിന്നും ഏറെ സഹായം ലഭിച്ചുവെന്ന് ഇസ്രായേൽ എംബസി അറിയിച്ചിട്ടുണ്ട്.വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മരുന്നുകൾ,മാസ്കുകൾ ഉൾപ്പെടെ നിരവധി പ്രതിരോധ ഉപകരണങ്ങളാണ് ഇന്ത്യ ഇസ്രായലിന് നൽകിയിരുന്നത്.