ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 19കാരനും സുഹൃത്തും അറസ്റ്റിൽ. ഡൽഹിയിലെ ഛത്തർപൂർ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ ഇതേ കേന്ദ്രത്തിൽ നിരീക്ഷണത്തിലിരുന്ന യുവാവാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഒരാഴ്ച മുമ്പാണ് സംഭവം. നിരീക്ഷണ കേന്ദ്രത്തിലെ വാഷ് റൂമിൽ വച്ചാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പെൺകുട്ടി പറയുന്നത്. പെൺകുട്ടി കൂടെ ഉളള ബന്ധുവിനോട് വിവരം പറഞ്ഞതിന് പിന്നാലെയാണ് ഇവർ പൊലീസിൽ പരാതി നൽകിയത്.
തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും അതിക്രമത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്. എന്നാൽ പ്രതികൾ യുവതിയെ ലെെംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എങ്കിലും പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനും സുഹൃത്തിനുമെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രതികൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുളളത്.സംഭവത്തിന് പിന്നാലെ പെൺകുട്ടിയെ മറ്റൊരു കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതികളുടെ ഫോൺ പിടിച്ചെടുത്തതായും ഇവരെ മറ്റൊരു നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.