കൊവിഡ് വൈറസ് വ്യാപനം തടയാൻ നിർബന്ധമായും മാസ്ക് ധരിച്ചേ തീരൂ. പ്രതിരോധ വാക്സിൻ കണ്ടെത്തുന്നത് വരെ മാസ്ക് ധരിക്കലും സാമൂഹിക അകലവും വ്യക്തി ശുചിത്വവുമൊക്കെ പാലിച്ചാൽ മാത്രമേ കൊവിഡിൽ നിന്നും രക്ഷനേടാനാകു. മാസ്ക് ധരിക്കുന്നതു സംബന്ധിച്ച് നിരവധി വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമത്തിൽ വൈറലാകുന്നത്.
മാസ്ക് ഊരാതെ എങ്ങനെ ഭക്ഷണം കഴിക്കാം എന്നു കാണിക്കുന്ന ഒരു മോഡലിന്റെ വീഡിയോയാണിത്. മുഖത്ത് നിന്നും മാസ്ക് മാറ്റാതെ എങ്ങനെയാണ് ഭക്ഷണം കഴിക്കേണ്ടതെന്ന് വീഡിയോയിൽ യുവതി കാണിച്ചു തരികയാണ്.ബ്രിട്ടീഷ് മോഡലായ എമ്മാ ലൂയീസ് ആണ് രസകരമായ ഈ വീഡിയോയ്ക്ക് പിന്നിൽ. തന്റെ ഇൻസ്റ്റഗ്രാമിലൂടെ എമ്മ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
രണ്ടു മാസ്ക് ധരിച്ചാണ് എമ്മ ഭക്ഷണം കഴിക്കുന്നത്. ഒരു മാസ്ക് മൂക്കിന്റെ ഭാഗത്തും ഒരു മാസ്ക് താടിക്ക് കീഴെയുമായി ഇട്ടിരിക്കുകയാണ് എമ്മ. ആദ്യകാഴ്ച്ചയിൽ ഒരു മാസ്ക് മാത്രമെ ധരിച്ചിട്ടുളളുവെന്ന് തോന്നും. ഭക്ഷണമെടുത്ത് വായിലേക്ക് വയ്ക്കുമ്പോഴാണ് രണ്ട് മാസ്കുളളത് കാണാൻ സാധിക്കുന്നത്. ഇരുവശത്തും മാസ്ക് ഉള്ളതിനാൽ മാസ്ക് ഊരാതെ ഭക്ഷണം കഴിക്കാവുന്നതാണ്.