സൗന്ദര്യത്തെ പറ്റി കൂടുതൽ ചിന്തിക്കുന്നവരാണ് മിക്ക നടി നടൻമാരും. മേക്കപ്പില്ലാതെയുളള തങ്ങളുടെ രൂപത്തെ പുറമെ കാണിക്കാൻ പല താരങ്ങളും തയ്യാറാകില്ല. ബോഡി ഷെയ്മിംഗാണ് ഇതിന് കാരണം. ഇത്തരം ബോഡി ഷെയ്മിംഗിനെതിരെ പ്രതികരിച്ചാണ് നടി സമീറ റെഡ്ഢി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. മേയ്ക്കപ്പ് ഇല്ലാത്ത മുഖവും നരച്ച മുടിയും ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്തുന്ന വിഡിയോ പങ്കുവച്ചാണ് ബോഡി ഷെയ്മിംഗിനെതിരെ നടി പ്രതികരിച്ചത്.
സമൂഹ മാദ്ധ്യമത്തിലൂടെ സമീറയ്ക്കു ലഭിച്ച ഒരു സന്ദേശത്തിന് മറുപടിയായാണ് ബോഡി ഷെയ്മിംഗിനെതിരെ വിഡിയോ ചെയ്യാൻ നടി തീരുമാനിച്ചത്. അതിപറ്റിയുളള താരത്തിന്റെ വാക്കുകൾ ഇങ്ങനെ: "ഒരു വയസുള്ള കുഞ്ഞിന്റെ അമ്മ എനിക്കൊരു സന്ദേശം അയച്ചു. പ്രസവത്തിനു ശേഷം അവരെ കാണാൻ ഒട്ടും സൗന്ദര്യമില്ലെന്നും ബേബി ഫാറ്റ് മൂലം തടിച്ച് വിരൂപയായി തോന്നിക്കുന്നുവെന്നും അവർ പറഞ്ഞു. എന്റെ ചിത്രങ്ങൾ അവരെ സങ്കടപെടുത്തുന്നുവെന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. അതിനാലാണ് ഉറക്കമുണർന്ന രൂപത്തിൽ തന്നെ ഒരു മേയ്ക്കപ്പു പോലും ഉപയോഗിക്കാതെ നിങ്ങളുടെ മുന്നിൽ വരാൻ തീരുമാനിച്ചത്. തീർച്ചയായും ഇതൊരു പോസിറ്റീവ് ചിന്തയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും " താരം ആമുഖമായി പറഞ്ഞു.
പ്രസവശേഷം സൗന്ദര്യം പോയിയെന്ന് നിരാശപ്പെടുന്നവരോട് സമീറയ്ക്ക് പറയാനുളളത് ഇതാണ്– "മെലിയുക എന്നതല്ല ആരോഗ്യത്തോടെ ഇരിക്കുകയെന്നതാണ് പ്രധാനം. അമ്മയെന്ന അവസ്ഥ ആസ്വദിക്കാൻ ശ്രമിക്കൂ. സന്തോഷത്തിൽ ഫോകസ് ചെയ്യൂ. സമയമാകുമ്പോൾ അനാവശ്യ ഫാറ്റ് കുറയ്ക്കുന്നതിനെക്കുറിച്ചൊക്കെ ചിന്തിക്കാം. പക്ഷേ, ഇപ്പോൾ വേണ്ടത് മെലിയാനുള്ള പരിശ്രമമല്ല, ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ്." പ്രസവത്തിനു ശേഷം തനിക്കും ബേബി ഫാറ്റ് ഉണ്ടെന്നും ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ കാണുന്നതുപോലെ പാടുകളൊന്നുമില്ലാത്ത ചർമ്മമല്ല തന്റേതെന്നും വിഡിയോ സന്ദേശത്തിൽ സമീറ വ്യക്തമാക്കി.