covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. 15,641,085 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 635,633 ആയി. 9,530,006 പേർ രോഗമുക്തി നേടി. അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.

അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അറുപത്തിയേഴായിരത്തിൽ കൂടുതലാളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,169,991 ആയി ഉയർന്നു.ആയിരത്തിൽ കൂടുലാളുകളാണ് ഇന്നലെമാത്രം യു.എസിൽ മരിച്ചത്. ആകെ മരണസംഖ്യ 147,333 ആയി. 1,979,617 പേർ രോഗമുക്തി നേടി.

ബ്രസീലിൽ ഇന്നലെമാത്രം 58,000 ത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,289,951 ആയി.കഴിഞ്ഞദിവസം മാത്രം ആയിരത്തി മുന്നൂറിലധികം പേരാണ് വൈറസ് ബാധയെത്തുടർന്ന് മരണമടഞ്ഞത്. ആകെ മരണസംഖ്യ 84,207 ആയി. 1,570,237 പേർ സുഖംപ്രാപിച്ചു.

അതേസമയം, കൊവിഡ് ബാധിച്ച ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൾസൊനാരോയ്ക്ക് മൂന്നാമത്തെ ടെസ്റ്റിലും പോസിറ്റീവാണ്. ജൂലായ് ഏഴിനാണ് ബോൾസൊനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ തുടർ ടെസ്റ്റുകളിലും അദ്ദേഹം പോസിറ്റീവ് ആയി തുടരുകയാണ്. ചെറിയൊരു ഫ്ളൂ മാത്രമാണെന്ന തരത്തിൽ ഇത്രയുംനാൾ കൊവിഡിനെ നിസാരവത്കരിക്കുകയായിരുന്നു ബൊൾസൊനാരോ. പലപ്പോഴും ആൾക്കൂട്ടത്തിൽ മാസ്‌ക് പോലും ധരിക്കാതെ പ്രത്യക്ഷപ്പെട്ടു. ഈയടുത്താണ്‌ മാസ്‌ക് ധരിച്ച് തുടങ്ങിയത്. ക്വാറന്റൈനിലിരിക്കെ വീടിന് പുറത്തിറങ്ങി പക്ഷികൾക്ക് തീറ്റകൊടുക്കുകയും മോട്ടോർ ബൈക്കിൽ സഞ്ചരിക്കുകയുമൊക്കെ ചെയ്ത ബോൾസൊനാരൊയ്ക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.