all-p

തിരുവനന്തപുരം: കൊവിഡ് പ്രതിരോധം ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം. വീഡിയോ കൊൺഫറൻസ് വഴിയാണ് യോഗം ചേരുക. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ വീണ്ടും സമ്പൂ‌ർണ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യും.

ലോക്ക് ഡൗൺ വേണമന്നാണ് ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിരിക്കുന്ന നിർദേശം. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് രണ്ട് അഭിപ്രായമുണ്ടായി. പൂർണ അടച്ചിടലാണ് ഫലപ്രദമെന്ന് ഒരു വിഭാഗം വാദിച്ചു. ചില ജില്ലകളിലെ പ്രത്യേക പ്രദേശങ്ങളിൽ ഇത് ഏറെ ഗുണം ചെയ്തെന്നും രോഗവ്യാപനം കുറയ്ക്കാനായെന്നും അവർ ചൂണ്ടിക്കാട്ടി.

തകർന്നുകിടക്കുന്ന സാമ്പത്തിക സ്ഥിതിയിൽ സമ്പൂർണ അടച്ചിടൽ ദുരിതം കൂട്ടുമെന്നായിരുന്നു എതിർവാദം. കടം വാങ്ങാൻപോലും ശേഷിയില്ലാതെ സാധാരണ ജനത കഷ്ടപ്പെടുകയാണ്.കൊവിഡിനൊപ്പം സഞ്ചരിക്കുകയാണ് പോംവഴി. ക്ലസ്റ്റർ നിയന്ത്രണങ്ങൾ കർക്കശമാക്കണമെന്ന് ചില മന്ത്രിമാർ പറഞ്ഞു.