തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്തുകേസിൽ കസ്റ്റംസിന് നൽകിയ മൊഴി ആവർത്തിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം. ശിവശങ്കർ. സ്വപ്നയും സരിത്തുമായുള്ളത് സുഹൃദ് ബന്ധം മാത്രമാണെന്നും, തനിക്ക് മറ്റ് പ്രതികളെ അറിയില്ലെന്നും അദ്ദേഹം എൻ.ഐ.എയോട് പറഞ്ഞു.
സ്വർണക്കടത്തിൽ പങ്കില്ലെന്നും ശിവശങ്കർ എൻ.ഐ.യോട് പറഞ്ഞു. ശിവശങ്കറിന്റെ ഫോൺവിളികളും യാത്രകളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. പ്രതികൾ ശിവശങ്കറിന്റെ ഓഫീസിലെത്തിയോ എന്ന് അന്വേഷിക്കും. കൂടുതൽ ചോദ്യം ചെയ്യൽ തെളിവുകൾ ശേഖരിച്ച ശേഷമായിരിക്കുമെന്നാണ് സൂചന. ജൂലായ് ഒന്നുമുതൽ പന്ത്രണ്ടാം തീയതിവരെയുള്ള സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ നിർണായകമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
എം.ശിവശങ്കറിനെ ഇന്നലെ ദേശീയ അന്വേഷണ ഏജൻസി അഞ്ചു മണിക്കൂറിലധികമാണ് ചോദ്യം ചെയ്തത്. പേരൂർക്കടയിൽ എൻ.ഐ.എയുടെ ക്യാമ്പ് ഓഫീസ് ആയ പൊലീസ് ക്ളബിലേക്ക് ശിവശങ്കറിനെ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. വൈകിട്ട് നാലിനു തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി 8.55 നാണ് അവസാനിച്ചത്. ശിവശങ്കറെ ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയതോടെ അറസ്റ്റ് ഉണ്ടാകുമെന്ന് അഭ്യൂഹം പരന്നിരുന്നു. രാത്രി ഒൻപതു മണിയോടെ പൊലീസ് ക്ളബിൽ നിന്ന് ഇറങ്ങിയ ശിവശങ്കർ സഹോദരന്റെ മാരുതി ആൾട്ടോ കാറിൽ പൂജപ്പൂരയിലെ വീട്ടിലേക്കു മടങ്ങി.
സംസ്ഥാനത്ത് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ എൻ.ഐ.എ ചോദ്യംചെയ്യുന്നത് ആദ്യമാണ്. ഒരാഴ്ച മുമ്പ് കസ്റ്റംസ് ശിവശങ്കറിനെ ഒൻപതു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. അതേസമയം, എൻ.ഐ.എ ആവശ്യപ്പെട്ട , സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങൾ നൽകാൻ ഇന്നലെ വൈകിട്ട് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഉത്തരവിട്ടു.