blood

കാസർകോട്: കാസർകോട് വെളളരിക്കുണ്ടിലെ ബെവ്കോ ഔട്ട്‌ലെറ്റ് അടച്ചു. കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച എക്സൈസ് ഉദ്യോഗസ്ഥൻ ഇവിടെ എത്തിയിരുന്നു എന്ന് വ്യക്തമായതിനെ തുടർന്നാണ് ഔട്ട്‌ലെറ്റ് അടച്ചത്. ജീവനക്കാരോട് നിരീക്ഷണത്തിൽപോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ എത്തിയവരും ആശങ്കയിലായി. കാഞ്ഞങ്ങാട്ട് മൂന്ന് എക്സൈസ് ഓഫീസുകളും അടച്ചു.

അതിനിടെ കുമ്പള പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 20 പൊലീസുകാർ ക്വാറന്റൈനിലായി. കാസർകോട് രോഗവ്യാപനം കൂടുതലുള്ള മേഖലയാണ് കുമ്പള. ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 47പേരിൽ 41 പേരും സമ്പർക്കത്തിലൂടെയാണ് രോഗ ബാധിതരായത്.

കാസർകോട് നഗരസഭയിൽ മാത്രം 10 പേർക്കാണ് രോഗം ബാധിച്ചത്. കാസർകോട്, കുമ്പള മാർക്കറ്റുകൾ ഉൾപ്പെടെ ജില്ലയിലെ ക്ലസ്റ്ററുകളിൽ രോഗബാധിതർ കൂടുകയാണ്. സമ്പർക്ക രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ കുമ്പള പഞ്ചായത്തിൽ 24 മുതൽ 15 ദിവസം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.