നസ്രേത്ത് എന്ന പുതിയ വീടിന്റെ വിശേഷത്തിൽ ടിനി ടോ
'' ആലുവാപ്പുഴയുടെ അരികത്ത് ഒരു വീട് സ്വപ്നം കണ്ടിരുന്നു. അതാണ് 'നസ്രേത്ത് ".വീണ്ടും പുഴയുടെ അരികത്തേക്കോയെന്ന് പലരും ആശങ്കയോടെ ചോദിച്ചു.രണ്ടു വർഷം മുൻപ് ഇതേ സമയത്തുണ്ടായ മഹാപ്രളയത്തിൽ എന്റെ വീട് മുങ്ങി.ഞാൻ ഇപ്പോൾ പുഴയുടെ കൂടുതൽ അരികത്തേക്ക് വന്നു. പേടിച്ചു ജീവിക്കാൻ കഴിയില്ല.ഏതു നിമിഷവും എന്തും സംഭവിക്കാം.ഭൂമി ഒന്നു കുലുങ്ങിയാൽ മതി.പ്രളയത്തെ ധൈര്യപൂർവമാണ് നേരിട്ടത്.കുറേ നഷ്ടം സംഭവിച്ചു. പ്രകൃതി തന്നത് നേരിടാൻ ദൈവം നമുക്ക് ശക്തി പകർന്നു. രണ്ടും കല്പിച്ച് നേരിടാൻ കഴിഞ്ഞതിനാലാണ് വീണ്ടും പുഴയുടെ അരികത്തു തന്നെ പുതിയ വീട് പണികഴിപ്പിച്ചത്. എന്നോട് ശരിക്കും ഇഷ്ടമുള്ളവർ ആരാണെന്ന് ഞാൻ അറിഞ്ഞത് പ്രളയകാലത്താണ്. കണ്ണൂരിൽനിന്ന് നടൻ സുബീഷ് സുധിയുടെ നേതൃത്വത്തിൽ ഡി. വൈ. എഫ്. ഐ പ്രവർത്തകർ വന്നാണ് വീട് വൃത്തിയാക്കിയത്. ഞാൻ ജന്മത്ത് പ്രതീക്ഷിക്കാത്ത കാര്യം.യഥാർത്ഥ മനുഷ്യ സ്നേഹികളെ മനസിലാക്കാൻ ദൈവം തന്ന അവസരമാണത്."" ലിവിംഗ് ഏരിയയിൽ എതിരേൽക്കുക ഭക്തി സാന്ദ്രമായ അന്തരീക്ഷം.ക്രിസ്തുവിന്റെ വലിയ ചിത്രം.ഇടത്ത് ഒൗസേപ്പ് പിതാവിന്റെയും ഉണ്ണിയേശുവിന്റെയും തിരുസ്വരൂപം. വലത്ത് മാതാവിന്റെ തിരുസ്വരൂപം. അതിന് താഴെ സ്റ്റാൻഡിന് മുകളിൽ തുറന്ന ബൈബിൾ. 'നസ്രേത്തി"ൽ വരുന്നവർക്ക് ഒന്നു പ്രാർത്ഥിക്കാൻ തോന്നും.ചുവരിൽ മൂന്നു തലമുറയിലെ പൂർവിക പിതാക്കന്മാരുടെ ഫോട്ടോയും ഇടം പിടിച്ചിട്ടുണ്ട്.
''വീടിന് എന്ത് പേരിടണമെന്ന് ആലോചിച്ച് ബൈബിൾ തുറന്നപ്പോൾ ആദ്യം ലഭിച്ച പേരാണ് നസ്രേത്ത്.ജീവിതത്തിൽ എല്ലാ കാര്യങ്ങളും ബൈബിളിൽ നിന്നാണ് എനിക്ക് ലഭിക്കുന്നത്. ക്രിസ്തു തന്റെ ബാല്യം ചെലവഴിച്ച നസ്രേത്തിലാണ്.അതിനാലാണ് വീടിന് നസ്രേത്ത് എന്നു പേരിട്ടത്. ശരിക്കും എന്റെ നസ്രേത്ത് ഒരു പുൽക്കൂടാണ്. എനിക്ക് ഒരു ഉണ്ണിയുണ്ട്. ആദം.അവനൊരു മാതാവുണ്ട്. രൂപ. ഞാൻ പിതാവാണ്. ഒൗസേപ്പ് പിതാവ്. ഇവിടെ എല്ലാവരുമുണ്ട്. നസ്രേത്ത് പോലെ അർത്ഥവത്തായ മറ്റൊരു പേര് എന്റെ വീടിന് കിട്ടാനില്ല. വേണമെങ്കിൽ ഇതിനെ ഒരു ആധുനിക നസ്രേത്ത് എന്നു വിളിക്കാം. ഒറ്റമുറി വാടക വീട്ടിൽനിന്നാണ് ജീവിതം തുടങ്ങുന്നത്. ഞാൻ ഒറ്റ മോനാണ്. വീടും തറവാടുമൊക്കെയുണ്ട്. എന്നിട്ടും പ്രത്യേക സാഹചര്യത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിപോകേണ്ടി വന്നു. പട്ടേരിപ്പുറത്ത് ഒരു ഇരുനില വീടിന് മുകളിൽ ഒരു ലക്ഷം രൂപ പണയത്തിൽ തരപ്പെടുത്തിയ ഒറ്റ മുറിയിൽ ഞാനും രൂപയും താമസിച്ചു.ഒരു മേശയും കസേരയും കട്ടിലും മാത്രമാണ് ആകെ ഉള്ള ഫർണിച്ചർ.ബാങ്ക് അക്കൗണ്ടിൽ ഒരു രൂപ പോലുമില്ല. തൊണ്ട കീറിയാണ് ജീവിതം.കലയ്ക്കു വേണ്ടി ഇറങ്ങിത്തിരിച്ച് ആകാശത്തേക്ക് നോക്കി ജീവിതം തുടങ്ങി. പക്ഷികൾ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല എന്നു പറയുന്നതുപോലെ എങ്ങനെയോ മുന്നോട്ട് പോയി. ആരോ എന്റെ കാവൽ മാലാഖയാണ്. അതിനാൽ മുന്നോട്ടു പോകാൻ കഴിഞ്ഞു. ഇവിടെ വരെ എത്തി. അന്നും ഇന്നും ഇഷ്ടം പോലെ മനഃ സമാധാനം കിട്ടുന്നുണ്ട്."" സ്വന്തം ജീവിതം ടിനി പറയുന്നത് അരികിലിരുന്ന് കേൾക്കുകയാണ് പ്രിയ പാതി രൂപ.
'' പുത്തൻവേലിക്കരയാണ് നാട്.അവിടെയും ഗ്രാമ അന്തരീക്ഷം. ചുറ്റും വെള്ളം. അപ്പന് എച്ച്.എം.ടിയിലായിരുന്നു ജോലി. അങ്ങനെ പട്ടണവാസിയായി. എനിക്ക് അന്നും ഇന്നും ഇഷ്ടം ഗ്രാമീണ അന്തരീക്ഷമാണ്. രഞ് ജിയേട്ടനാണ് സിനിമയിൽ എനിക്ക് കസേര തന്നത്. അതിന് മമ്മുക്ക ശുപാർശ ചെയ്തു. അമ്മയുടെ സഹോദരന്മാരാണ് സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസ്. അവരുടെ ട്രൂപ്പായ കൊച്ചിൻ മെലഡീസിലൂടെയാണ് പ്രൊഫഷണൽ മിമിക്രി താരമാകുന്നത്. അന്ന് സ്റ്റേജിൽനിന്ന് എനിക്ക് കിട്ടുന്നത് കൂവൽ മാത്രമാണ്.മമ്മുക്കയെ അനുകരിക്കും , കൂവൽ കിട്ടും. അത് വാശിയായി. മമ്മുക്കയിലൂടെ തന്നെ വരണമെന്ന വാശി. മമ്മുക്കയെ പഠിച്ചു പഠിച്ച് മമ്മുക്കയുടെ ഡ്യൂപ്പായി സിനിമയിൽ എത്തി. വാശി ദൈവം തന്നതല്ല. പ്രയത്നം കൊണ്ട് നേടിയെടുത്തതാണ്. എനിക്ക് തിരക്കാണെങ്കിൽ മാത്രമേ രഞ്ജിയേട്ടൻ മറ്റൊരാളെ കാസ്റ്റ് ചെയ്യൂ. 'ഞാൻ" സിനിമയിൽ പൊലീസ് വേഷം ചെയ്യാൻ വിളിച്ചപ്പോൾ വെള്ളിമൂങ്ങയിൽ അഭിനയിക്കുകയാണ്. ഞാൻ കൊണ്ടു വന്ന ആളുകൾക്ക് തിരക്കാണെന്ന് കേൾക്കുന്നത് സന്തോഷമാണെന്ന് രഞ്ജിയേട്ടൻ പറഞ്ഞു. രഞ്ജിയേട്ടൻ സംവിധാനം ചെയ്ത ഏഴോളം സിനിമകളിൽ ഞാൻ അഭിനയിച്ചു.ഡ്രാമയിൽ നിന്റെ കുടുംബം വേണമെന്ന് രഞ്ജിയേട്ടൻ പറഞ്ഞു. ഭാര്യ ഭാര്യയായും കൊച്ച് കൊച്ചായും അഭിനയിക്കട്ടെയെന്ന് രഞ്ജിയേട്ടൻ . അങ്ങനെ അവരും സിനിമയിൽ അഭിനയിച്ചു. മമ്മുക്കയുടെയും രഞ്ജിയേട്ടന്റെയും ഫോട്ടോയില്ലാതെ എനിക്ക് ഒരു വീടില്ല.സിനിമാ ജീവിതത്തിൽ ബ്രേക്ക് തന്നവരാണ്.""
''നസ്രേത്തിനെ നോക്കി ടിനി പറഞ്ഞു.നസ്രേത്തിന് മുൻപിൽ ഇരുൾ ചായാൻ തുടങ്ങി. ക്രിസ്തുവിന്റെ ചിത്രത്തിന് മുന്നിലെ വിളക്ക് ടിനി തെളിച്ചു. അപ്പോൾ നസ്രേത്തിനുള്ളിൽ ഒരു കുഞ്ഞു ദീപനാളം മാത്രം.അതു സ്നേഹമായി ഒഴുകി പരന്നു. എല്ലാം കണ്ട് ആലുവപ്പുഴ പിന്നെയും ഒഴുകുകയാണ്.