തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്‌ന സുരേഷുമായി സൗഹൃദം സ്ഥാപിച്ചതിൽ തനിക്ക് വീഴ്‌ച പറ്റിയതായി എൻ.ഐ.എയുടെ ചോദ്യം ചെയ്യലിൽ എം. ശിവശങ്കർ സമ്മതിച്ചതായി സൂചന. മുൻ ഐ ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയുമായിരുന്ന ശിവശങ്കറിനെ അഞ്ചു മണിക്കൂറോളമാണ് എൻ.ഐ.എ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തത്. പേരൂർക്കടയിൽ എൻ.ഐ.എയുടെ ക്യാമ്പ് ഓഫീസ് ആയ പൊലീസ് ക്ളബിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. വൈകിട്ട് നാലിനു തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി 8.55 നാണ് അവസാനിച്ചത്.
പ്രതികളുമായുളള ശിവശങ്കറിന്റെ ബന്ധങ്ങളാണ് ചോദ്യംചെയ്യലിൽ പ്രധാനമായും ഉയർന്നത്. സ്വപ്‌ന സുരേഷിന്റെ ഭർത്താവ് തന്റെ ബന്ധുവാണെന്നും ആ അടുപ്പമാണ് ഇവരുടെ കുടുംബവുമായി ഉണ്ടായിരുന്നതെന്നും ശിവശങ്കർ പറഞ്ഞതായാണ് വിവരം. സ്വർണക്കടത്തുകാരുമായി സ്വപ്‌നയ്‌ക്കുള്ള ബന്ധം തിരിച്ചറിയാൻ കഴിയാതിരുന്നതും വ്യക്തിപരമായ വീഴ്‌ചയാണ്. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങളൊന്നും മുന്നറിയിപ്പു നൽകിയിരുന്നില്ല. സൂചന ലഭിച്ചിരുന്നെങ്കിൽ സ്വപ്‌നയെ അകറ്റി നിർത്തുമായിരുന്നെന്നും ശിവശങ്കർ പറഞ്ഞതായാണ് സൂചന. സ്വപ്‌നയുടെ വിദ്യാഭ്യാസ യോഗ്യതയും അറിവില്ലായിരുന്നുവത്രേ.
നേരത്തെ, ശിവശങ്കർ കസ്റ്റംസിനു നൽകിയ മൊഴികൾ ശേഖരിച്ച്, ഡിജിറ്റൽ തെളിവുകളുമായുള്ള വൈരുദ്ധ്യം കണ്ടെത്തിയ ശേഷമായിരുന്നു ചോദ്യംചെയ്യൽ. മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളേറെയും വിദേശ യാത്രകളെക്കുറിച്ചും കൂടിക്കാഴ്ചകളെക്കുറിച്ചുമായിരുന്നു. വിദേശയാത്രകളിൽ പ്രതികളിൽ ചിലർ അനുഗമിച്ചിരുന്നോ എന്നും, സ്വർണക്കടത്തിന് പണം മുടക്കിയവരുമായി വിദേശത്ത് ബന്ധപ്പെട്ടിരുന്നോയെന്നും ചോദിച്ചറിഞ്ഞതായാണ് വിവരം. സ്വർണം എത്തിയ ജൂണിൽ ശിവശങ്കറിന്റെ വിദേശത്തേക്കുള്ള സംശയകരമായ ആറ് വിളികൾ അന്വേഷണത്തിൽ എൻ.ഐ.എ കണ്ടെത്തിയിരുന്നു.
ശിവശങ്കറിനെ ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയതോടെ അറസ്റ്റ് ഉണ്ടാകുമെന്ന് അഭ്യൂഹം പരന്നിരുന്നു. രാത്രി ഒൻപതു മണിയോടെ പൊലീസ് ക്ളബിൽ നിന്ന് ഇറങ്ങിയ ശിവശങ്കർ സഹോദരന്റെ മാരുതി ആൾട്ടോ കാറിൽ പൂജപ്പൂരയിലെ വീട്ടിലേക്കു മടങ്ങി. സംസ്ഥാനത്ത് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ എൻ.ഐ.എ ചോദ്യംചെയ്യുന്നത് ആദ്യമാണ്. പ്രാഥമിക ചോദ്യം ചെയ്യലാണ് നടന്നതെന്നും, എൻ.ഐ.എയും കസ്റ്റംസും അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുമെന്നുമാണ് സൂചന. ഒരാഴ്ച മുമ്പ് കസ്റ്റംസ് ശിവശങ്കറിനെ ഒൻപതു മണിക്കൂർ ചോദ്യം ചെയ്‌തിരുന്നു.
അതേസമയം, എൻ.ഐ.എ ആവശ്യപ്പെട്ട, സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങൾ നൽകാൻ ഇന്നലെ വൈകിട്ട് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഉത്തരവിട്ടു. സ്വപ്‌നയും സരിത്തും സെക്രട്ടേറിയറ്റിൽ പതിവായി എത്താറുണ്ടായിരുന്നെന്ന് മനസ്സിലാക്കിയാണ് തെളിവിനായി സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾക്കായി എൻ.ഐ.എ ചീഫ്സെക്രട്ടറിക്ക് കത്ത് നൽകിയത്. ഹൗസ്‌കീപ്പിംഗ് ചുമതലയുള്ള അഡിഷണൽ സെക്രട്ടറി പി.ഹണിയിൽ നിന്ന് രണ്ട് മണിക്കൂറോളം വിവരങ്ങൾ ശേഖരിച്ചു. സെക്രട്ടേറിയറ്റിൽ തങ്ങളുടെ സൈബർ ഫോറൻസിക് വിഭാഗത്തിന്റെ പരിശോധന വേണ്ടിവരുമെന്ന് അറിയിച്ചാണ് സംഘം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയത്.
ഇടിമിന്നലേറ്റ് തകരാറിലായ ക്യാമറാ സംവിധാനം നന്നാക്കിയതായി പൊതുഭരണവകുപ്പ് അറിയിച്ചു. ഇതിന്റെയും, തന്ത്രപ്രധാന സ്ഥലങ്ങളിലെ ക്യാമറാ ദൃശ്യങ്ങൾ സൂക്ഷിക്കുന്നതിന്റെയും വിവരങ്ങൾ ചോദിച്ചറിഞ്ഞു. ക്യാമറാ സംവിധാനം തകരാറിലാണെന്നറിയിച്ച് ചീഫ്സെക്രട്ടറിക്ക് പൊതുഭരണവകുപ്പ് നൽകിയ കത്തും പിടിച്ചെടുത്തു. സെക്രട്ടേറിയറ്റിലും രണ്ട് അനക്‌സുകളിലും ഗേറ്റുകളിലുമായി 83 ക്യാമറകളുണ്ട്. ഇതിൽ നാലെണ്ണം തകരാറിലാണ്.
അതേസമയം, സെക്രട്ടേറിയറ്റിലെ സി.സി. ടിവി ദൃശ്യങ്ങൾ രേഖാമൂലം എൻ.ഐ.എ ആവശ്യപ്പെടുകയും ചെയ്‌തതോടെ സർക്കാർ കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ്. സ്വർണക്കടത്തിലെ പ്രതികളുടെ ചോദ്യംചെയ്യലിൽ കേന്ദ്രീകരിച്ചിരുന്ന അന്വേഷണം ശിവശങ്കറിലൂടെ സർക്കാരിലേക്ക് എത്തുമെന്നായതോടെ അന്വേഷണം പുതിയ വഴിത്തിരിവിലേക്കു കടന്നിരിക്കുന്നു എന്നുതന്നെ പറയാം. ഭീകരബന്ധം സംശയിക്കപ്പെടുന്ന കേസിന്റെ അന്വേഷണം സർക്കാർ ആസ്ഥാനത്തേക്ക് നീണ്ടതോടെ പ്രതിപക്ഷ കക്ഷികളും ബി.ജെ.പിയും രാഷ്‌ട്രീയ ആക്രമണത്തിന് മൂർച്ച കൂട്ടുമെന്നുറപ്പ്.