കോഴിക്കോട്: കോൺഗ്രസ് നേതാവും എം പിയുമായ കെ മുരളീധരന് കൊവിഡ് പരിശോധന നടത്താൻ ജില്ലാകളക്ടറുടെ നിർദ്ദേശം. കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹച്ചടങ്ങിൽ മുരളീധരൻ പങ്കെടുത്തിരുന്നു. ഇതിനെത്തുടർന്നാണ് പരിശോധന നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനിടെ കോഴിക്കോട്ട് ഒരു കൊവിഡ് മരണംകൂടി റിപ്പോർട്ടുചെയ്തു. ഇന്നലെ മെഡിക്കൽകോളേജിൽ മരിച്ച അമ്പത്തേഴുകാരിയായ റുഖ്യാബിക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പക്ഷാഘാതത്തെത്തുടർന്നാണ് ഇവർ ചികിത്സ തേടിയത്. ഇവരുടെ ഒരു ബന്ധുവിനും നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലയിലെ ചെക്യാട്ട് 26പേർക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് റിപ്പോർട്ട്. ഇതിൽ 23പേർ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് നിരീക്ഷണത്തിൽ കഴിയുന്നവരാണ്. ജില്ലയിൽ മാത്രം ഇന്നലെ 67പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയുളള രോഗവ്യാപനം കൂടുന്നതിനാൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്.