കൊച്ചി: തന്റെ നഗ്നശരീരത്തിൽ മകനെക്കൊണ്ട് ചിത്രം വരപ്പിച്ച് വീഡിയോയെടുത്ത് സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചെന്ന കേസിൽ ബി.എസ്.എൻ.എൽ മുൻ ജീവനക്കാരി രഹ്ന ഫാത്തിമ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പോക്സോ വകുപ്പും രഹ്നയ്ക്കെതിരെ ചുമത്തിയിരുന്നു.
കലയുടെ ആവിഷ്‌കാരവും ഇതിനൊപ്പം തന്റെ ആശയങ്ങൾ പ്രചരിപ്പിക്കലുമാണ് ദൃശ്യങ്ങളിലൂടെ ലക്ഷ്യമിട്ടതെന്നും, കുട്ടികളെ അനുചിതമായ പ്രവൃത്തിക്ക് ഉപയോഗിച്ചെന്ന ആരോപണം ശരിയല്ലെന്നും ഹർജിക്കാരി വാദിച്ചു. എന്നാൽ ഇത്തരം പ്രവൃത്തികൾ തെറ്റല്ലെന്ന് ചെയ്യുന്നവർക്ക് തോന്നാമെങ്കിലും, മറിച്ചു ചിന്തിക്കുന്നവരും സമൂഹത്തിലുണ്ടെന്ന് കോടതി കഴിഞ്ഞദിവസം വാക്കാൽ പറഞ്ഞിരുന്നു.
പ്രത്യയശാസ്ത്രങ്ങളിൽ വിശ്വാസം അർപ്പിക്കാനും, മക്കളെ അതു പഠിപ്പിക്കാനും കഴിയും. എന്നാൽ സോഷ്യൽ മീഡിയയിൽ ഇത്തരം ദൃശ്യങ്ങൾ പോസ്റ്റുചെയ്യുന്നതോടെ സംഭവം മാറുമെന്നും കോടതി പറഞ്ഞിരുന്നു. അമ്മ കുട്ടികളെക്കൊണ്ട് നിർബന്ധിപ്പിച്ചു ചെയ്യിച്ചതാണിതെന്നും, ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമായിരുന്നു സർക്കാർ വാദം.