അന്ന ബെന്നും ഗ്രേസ് ആന്റണിയും ചേരുന്ന അപൂർവമായ സൗഹൃദത്തിന്റെ കഥ
കൊച്ചി നായരമ്പലം പുളിമൂട്ടിൽ വീടിന്റെ ഗേറ്റ് ഗ്രേസ് ആന്റണി കടക്കുമ്പോൾ മുറ്റത്ത് തണൽക്കുട ചൂടി നിൽക്കുന്ന മാവിനു കീഴിൽ അന്ന ബെൻ കാത്തുനില്പ്പുണ്ടായിരുന്നു. ചകിരിനാരുകൂട്ടിയിട്ടതുപോലുള്ള മുടി 'മുഖമുദ്ര" യാക്കി അന്ന ബെൻ കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളുടെ ചിരി ചിരിച്ചു. അപ്പോൾ
പുളിമൂട്ടിൽ വീടിന്റെ അകത്തളത്തിൽ ഇളംവെയിൽ പരന്നു.മാവിൻചുവട്ടിലിരുന്ന് അവർ സംസാരിച്ചു തുടങ്ങി. കുമ്പളങ്ങി നൈറ്റ്സ് തിയേറ്ററിൽ എത്തിയിട്ട് ഒരു വർഷം പിന്നിടുകയാണ്. ഷോർട്ട് ഫിലിം സംവിധാനം ചെയ്തു ഗ്രേസ് പുതിയ കുപ്പായം അണിഞ്ഞു.
സംവിധാനം
ഗ്രേസ് : ആദ്യ സംവിധാന സംരംഭമാണ്. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. കഥയും തിരക്കഥയും എന്റേതാണ്.കഥകൾ ധാരാളം മനസിലുണ്ട്. അതു എഴുതണം.
അന്ന: പപ്പ ബെന്നി.പി.നായരമ്പലം ഇരുപത്തിആറു വർഷമായി സിനിമയിലുണ്ട്.തിരക്കഥ എഴുതാൻ എനിക്കും ഇഷ്ടമാണ്.ചെറുകഥകൾ എഴുതിയിട്ടുണ്ട്. സ്കൂളിൽ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. ഹെലൻ, കപ്പേള എന്നീ സിനിമകൾ ചെയ്തു. കുമ്പളങ്ങി നൈറ്റ്സിന്റെ പ്രശസ് തി ഇപ്പോഴുമുണ്ട്. രഞ്ജൻ പ്രമോദ് ചേട്ടന്റെ സിനിമയാണ് അടുത്തത്.
ഞാനാ ചേച്ചി, ഞാൻ...
അന്ന: നാലു ദിവസം ഞാൻ ഗ്രേസിനെ ചേച്ചി എന്നു വിളിച്ചു. ഗ്രേസിന്റെ രൂപം കണ്ടാണ് 'ചേച്ചീന്ന് "വിളിച്ചത്. ആ വിളി ഗ്രേസ് ശരിക്കും ആസ്വദിച്ചു. എനിക്ക് ഇരുപതു വയസേയുള്ളുവെന്ന് ഗ്രേസ് ഒരു ദിവസം പറഞ്ഞു.അപ്പോൾ ഞാൻ നടുങ്ങി. എനിക്ക് പതിനെട്ട് വയസെന്നാണ് ഗ്രേസ് കരുതിയത്. 23 വയസുണ്ടെന്ന് പറഞ്ഞപ്പോൾ ഗ്രേസ് എന്നെ കൊന്നില്ലെന്നേയുള്ളു. ചേച്ചി വിളി അതോടെ നിറുത്തി.
ഗ്രേസ്: കൊച്ചു കുട്ടിയെപോലെയാണ് അന്ന.കുമ്പളങ്ങി നൈറ്റ്സിന്റെ ലൊക്കേഷനിൽ അന്നയായിരുന്നു എന്റെ ചേച്ചി. എന്നെ ഭരിക്കുന്ന ചേച്ചി.സിനിമയിൽ മാത്രമായിരുന്നു ഞാൻ ചേച്ചി.നേരിൽ കണ്ടാൽ അന്ന തീരെ കുഞ്ഞാ.സിനിമ കഴിഞ്ഞും ഞങ്ങളുടെ സൗഹൃദം തുടരുകയാണ്. അത് എന്നും ഉണ്ടാവും.
കിട്ടുമോയെന്ന് അറിയില്ല, കിട്ടി
അന്ന: ഫോർട്ടു കൊച്ചിയിലെ 'കേദാര"ത്തിൽ ഒാഡിഷന്റെ തേഡ് റൗണ്ടിലാണ് ഗ്രേസിനെ കാണുന്നത്. പരസ്പരം പരിചയപ്പെട്ടു. പെട്ടെന്ന് ഞങ്ങൾ സുഹൃത്തുക്കളായി. ആ സമയത്ത് എന്നെ കാസ്റ്റ് ചെയ്തിരുന്നു .
ഗ്രേസ് : കുമ്പളങ്ങി നൈറ്റ്സിന്റെ അഞ്ചാമത്തെ മീറ്റിംഗിന് എത്തിയപ്പോഴാണ് അന്നയെ ആദ്യം കാണുന്നത്. 'കിട്ടുമോന്ന് അറിയില്ല". അന്ന ഫോണിൽ ആരോടോ പറയുന്നതു കേട്ടു.അന്നയുടെ മുഖത്ത് നല്ല ടെൻഷനുണ്ടായിരുന്നു. അപ്പോൾ അന്നയെ പരിചയമില്ല.അന്ന എന്നെ കണ്ടില്ല. പിന്നെ അറിഞ്ഞു, അന്നയാണ് ബേബിമോളെന്ന്.
ഇഷ്ടം , സിനിമാവണ്ടി
അന്ന : സിനിമയെ ചുറ്റിപ്പറ്റിയുള്ള എല്ലാ കാര്യങ്ങളും ഇഷ്ടമാണ്. സിനിമ മുടങ്ങാതെ കാണും.എന്നാൽ സിനിമയിൽ വരുമെന്ന് ഉറപ്പില്ലായിരുന്നു.വൈപ്പിൻ അസീസിയിലും വടുതല ചിന്മയയിലുമായിരുന്നു സ്കൂൾ പഠനം.ഡിഗ്രി പഠനം സെന്റ് തെരേസാസ് കോളേജിൽ ഫാഷൻ ഡിസൈനിംഗിന്. ഒരു വർഷം ബംഗളൂരുവിൽ ജോലി ചെയ്തു.നാട്ടിൽ എത്തി കറങ്ങിതിരിയുമ്പോഴാണ് കുമ്പളങ്ങിയുടെ ഒാഡിഷൻ.
ഗ്രേസ്: ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണ് ഹാപ്പി വെഡ് ഡിംഗിന്റെ ഒാഡിഷൻ.ഹാപ്പി വെഡ്ഡിംഗ് കഴിഞ്ഞ് ലക്ഷ്യം, കാംബോജി, മാച്ച് ബോക്സ്, ജോർജേട്ടൻസ് പൂരം തുടങ്ങിയ സിനിമകൾ.കുമ്പളങ്ങി നൈറ്റ്സ് അഭിനയത്തിന്റെ പുതിയ പാഠം പഠിപ്പിച്ചു.
സിസ്റ്റേഴ്സോ ...
ഗ്രേസ് : കുമ്പളങ്ങി നൈറ്റ്സ് തുടങ്ങുന്നതിനുമുൻപേ നല്ല ഫ്രണ്ട്സായതിനാൽ സിനിമയിൽ സിമിയായും ബേബി മോളായും ഞങ്ങൾക്ക് അഭിനയിക്കേണ്ടി വന്നില്ല.
അന്ന: ഞാനും ഗ്രേസും ഒരുപാട് സംസാരിക്കുന്നവരാണ്. ലൊക്കേഷനിൽ ഞങ്ങൾ നല്ല ഒാളം ഉണ്ടാക്കി.ഞങ്ങൾ ചേച്ചിയും അനിയത്തിയുമാണെന്ന് കരുതുന്നവർ ഇപ്പോഴുമുണ്ട്.അതിന്റെ ഗുണം സിമിക്കും ബേബി മോൾക്കും ലഭിച്ചു.
ഗ്രേസേ... അന്നേ...
ഗ്രേസ്: എങ്ങനെ ഇങ്ങനെ ചെയ്തെന്നാണ് വീട്ടുകാർ ചോദിച്ചു. അഞ്ചു പ്രാവശ്യം അവർ സിനിമ കണ്ടു. .മുളന്തുരുത്തിയാണ് നാട്.
പപ്പ ടി. ജെ. ആന്റണി , അമ്മ ഷൈനി, ചേച്ചി മേരി സെലീന, ചേട്ടൻ ഫെലിക്സ്.ചേച്ചിക്ക് ഒരു വാവയുണ്ട്. ഹിഗ് വെയ് ൻ സാവിയോ.രണ്ടു വയസ്.
ഫുഡ്ഡി
ഗ്രേസ് : വീട്ടിൽ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം എല്ലാം ഇഷ്ടമാണ്.അൽ റീമിലെ മന്തി പെരുത്തിഷ്ടം.
അന്ന : അമ്മ നന്നായി പാചകം ചെയ്യും.ഇഷ്ടമുള്ളതെല്ലാം കഴിക്കുന്നതാണ് എന്റെ ശീലം.കുരുമുളകിട്ട ബീഫ് റോസ്റ്റും ഞണ്ട് കറിയും അമ്മ സൂപ്പറായി ഉണ്ടാക്കും.