ഹൈദരാബാദ്: കഴിഞ്ഞ 25 വർഷങ്ങളായി ഹൈദരാബാദിലെ ജനശ്രദ്ധയാകർഷിച്ച ഒന്നാണ് ബാലാപൂറിലെ വമ്പൻ ലഡു. ബാലാപൂർ ഗണേശോത്സവത്തിന്റെ പതിനൊന്നാം ദിവസം ദേവന് നേദിച്ച ഈ ലഡു ലേലത്തിൽ വിൽക്കും. വലിയ ഉത്സാഹത്തോടെയാണ് ഈ ലേലം വിളിയും അതിൽ ജയിക്കുന്നവരുടെ ഘോഷയാത്രയും ഒക്കെ നടത്തുക. എന്നാൽ ഇത്തവണ ഈ ആഘോഷമൊക്കെ കൊറോണ ഭീതി മുടക്കി. 21 കിലോയുണ്ടായിരുന്നു കഴിഞ്ഞ വർഷത്തെ ഉത്സവത്തിന് വിറ്റ ലഡുവിന് ഭാരം. ഇതിന്റെ ലേലത്തിലൂടെ ലഭിച്ച 17.60 ലക്ഷം രൂപ പരിസരത്തെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണ് പതിവ്. 2018ൽ ഇങ്ങനെ 16.6 ലക്ഷം രൂപയാണ് ലഭിച്ചത്. എന്നാൽ ഇത്തവണ കൊവിഡ് ആശങ്ക എല്ലാം തകിടം മറിച്ചു.
എല്ലാ വർഷവും വമ്പൻ ലഡു മാത്രമല്ല 21 അടി ഉയരമുളള ഗണേശവിഗ്രഹവും ഇനിടെ സ്ഥാപിക്കാറുണ്ട്. വിഗ്രഹം പന്തൽ കെട്ടി സ്ഥാപിച്ച് അവിടെയാണ് ലഡു ലേലം നടത്തുക. ശേഷം ബാലാപൂർ മുതൽ ഹുസൈൻസാഗർ തടാകം വരെയുളള 20 കിലോമീറ്റർ നീണ്ട ഘോഷയാത്രയോടെ വിഗ്രഹം അവിടെ നിമഞ്ജനം ചെയ്യും. എന്നാൽ ഇത്തവണ ആറടി ഉയരമുളള ചെറിയ വിഗ്രഹം സ്ഥാപിക്കാനും സന്ദർശകരെ നിയന്ത്രിക്കാനുമാണ് തീരുമാനം. കമ്മിറ്റി അംഗങ്ങൾക്ക് മാത്രമാണ് ആഗസ്‌റ്റ് 22ന് നടക്കുന്ന വിഗ്രഹം സ്ഥാപിക്കുന്ന ചടങ്ങിലുൾപ്പടെ പ്രവേശനമുളളത്. എല്ലാവർഷവും ഈ ചടങ്ങുകൾക്കെല്ലാം പതിനായിരക്കണക്കിന് ജനങ്ങളാണ് ഈ ചടങ്ങുകളെല്ലാം കാണാനും പങ്കെടുക്കാനുമെത്തുക. ആഗ്സ്‌റ്റ് 22 മുതൽ സെപ്‌തംബർ 1 വരെയാണ് ഇത്തവണത്തെ ഉത്സവം. എന്നാൽ തെലങ്കാന സർക്കാർ ഈ ഉത്സവത്തെ സംബന്ധിച്ച് മാർഗനിർദ്ദേശങ്ങളൊന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.