ജയ്പൂർ: രാജസ്ഥാനിൽ തനിക്കൊപ്പമുളള എം എൽ എമാർക്കെതിരായ സ്പീക്കറുടെ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സച്ചിൻ പൈലറ്റ് നൽകിയ കേസിൽ അസാധാരണ നടപടിയുമായി രാജസ്ഥാൻ ഹൈക്കാേടതി. വിധിപറയുംമുമ്പ് കേന്ദ്രത്തെകൂടി കക്ഷി ചേർക്കണമെന്ന സച്ചിന്റെ ആവശ്യത്തെ കോടതി അംഗീകരിക്കുകയായിരുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂളുമായി ബന്ധപ്പെട്ട കേസായതിനാൽ കേന്ദ്രനിലപാട് നിർണായകമാണെന്നും, അതിനാൽ അത് കൂടി കേൾക്കണമെന്നാവശ്യപ്പെട്ടാണ് സച്ചിൻ പുതിയ ഹർജി നൽകിയത്.കേസിൽ വിധിവരുന്നതിന് തൊട്ടുമുമ്പാണ് സച്ചിൻ ഇക്കാര്യമാവശ്യപ്പെട്ട് ഹർജി നൽകിയത്. വിധിപറയാനിരിക്കുന്ന കേസിൽ ഇത്തരത്തിലുളള നടപടി അസാധാരണമാണ്.കേസിൽ ഇന്നുരാവിലെ പത്തരയ്ക്കാണ് വിധിപറയാനിരുന്നത്. കേന്ദ്രത്തെക്കൂടി കക്ഷിചേർക്കണമെന്ന വാദം കോടതി അംഗീകരിച്ചതോടെ കേസിൽ വിധിപറയുന്നത് നീളും .വിധി പ്രസ്താവിക്കുന്നതുവരെ തൽസ്ഥിതി തുടരാനും കേസിൽ വാദം പൂർത്തിയാക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇതിലൂടെ തന്റെ ക്യാമ്പ് കൂടുതൽ കരുത്തുറ്റതാക്കുന്നതിന് സച്ചിനെ സഹായിക്കും എന്നാണ് വിലയിരുത്തുന്നത്. അതോടെ പാർട്ടിയിൽ തന്റെ സമ്മർദ്ദവും കൂടുതൽ ശക്തമാക്കാനും അന്തിമവിധി വരുംവരെ തനിക്കൊപ്പമുളള എം എൽ എ മാർക്കെതിരായ സ്പീക്കറുടെ നടപടി തടയാനും കഴിയും. താൻ ബി ജെ പിയിലേക്കില്ളെന്നും കോൺഗ്രസിൽ നിന്ന് പൊരുതും എന്ന് സച്ചിൻ ഇന്ന് വ്യക്തമാക്കിയിരുന്നു.
കോൺഗ്രസ് രണ്ട് തവണ വിളിച്ച് ചേർത്ത നിയമസഭാകക്ഷി യോഗത്തിലും സച്ചിൻ പൈലറ്റും രണ്ട് മന്ത്രിമാരും ഉൾപ്പടെ 19 എം എൽ എമാർ പങ്കെടുത്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ നോട്ടീസയച്ചത്. അയോഗ്യത കൽപിക്കാതിരിക്കണമെങ്കിൽ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. നിയമസഭ കൂടാതിരിക്കെ കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കാൻ സ്പീക്കർക്ക് അധികാരമില്ല എന്നായിരുന്നു സച്ചിൻ പൈലറ്റ് കോടതിയിൽ പറഞ്ഞിരുന്നത്. എം എൽ എമാർക്കെതിരെ വിധി വരുന്നതുവരെ സ്പീക്കർ നടപടിയെടുക്കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
ഹൈക്കോടതി സ്പീക്കറുടെ അധികാരത്തിൽ ഇടപെട്ടു എന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി കഴിഞ്ഞദിവസം സുപ്രീംകോടതി പരിഗണിച്ചിരുന്നെങ്കിലും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു. കേസിന്റെ തുടർവാദംകേൾക്കൽ തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.