
മുംബയ്: മുംബയിലെ വാഡിയ ആശുപത്രിയിൽ പുതുതായി മൂന്ന് പീഡിയാട്രിക് മൾട്ടിസിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം (പി.എം.ഐ.എസ്) കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ അപൂർവ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം 21 ആയി ഉയർന്നു. പുതുതായി രോഗം ബാധിച്ച കുട്ടികളുടെയെല്ലാം കുടുംബങ്ങളിൽ ആർക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
വർദ്ധിച്ചുവരുന്ന കേസുകളുടെ കാര്യത്തിൽ ആശുപത്രിയ്ക്ക് ആശങ്കയുണ്ടെന്നും, അതിനാൽ രോഗത്തെക്കുറിച്ച് മനസിലാക്കാനുള്ള ശ്രമം നടത്തുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ബിജെ വാഡിയ ആശുപത്രി ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചുമായി (ഐ.സി.എം.ആർ) ചേർന്ന് ഇതുസംബന്ധിച്ച് പഠനം നടത്തുകയാണ്. ഡോക്ടർമാരുടെ സംഘം ഇപ്പോൾ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. അപൂർവ രോഗത്തെക്കുറിച്ച് ആഴത്തിൽ മനസിലാക്കാൻ ഡോക്ടർമാർക്ക് ഈ ഡാറ്റ നിർണായകമാകും.
കൊവിഡ് 19 നെഗറ്റീവ് പരിശോധനാ ഫലങ്ങൾ വന്ന് രണ്ടാഴ്ചയ്ക്കുശേഷം എന്തുകൊണ്ട് ഈ രോഗം വരുന്നു? ഏത് തരത്തിലുള്ള കോശങ്ങളാണ് ശരീരത്തെ ബാധിക്കുന്നത് എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു.
12 വയസ് വരെയുള്ള കുട്ടികളുടെ മാതാപിതാക്കൾ പി.എം.ഐ.എസിനെ നിസാരമായി കാണരുതെന്ന് ഡോ. മിന്നി ബോധൻവാല പറയുന്നു. 'കുട്ടികൾ കൊവിഡ് മുക്തരായാലും നന്നായി ശ്രദ്ധിക്കുക, മാർഗനിർദ്ദേശങ്ങൾ പാലിക്കുക. ഒരിക്കൽ സുഖം പ്രാപിച്ചെന്ന് കരുതി പിന്നെ രോഗം വരില്ലെന്ന ധാരണ ഉണ്ടാകരുത്. അവബോധം എല്ലായ്‌പ്പോഴും ആവശ്യമാണ്. ലക്ഷണങ്ങളുണ്ടെങ്കിൽ വൈകിപ്പിക്കാതെ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുക.'- ഡോക്ടർ പറഞ്ഞു.