gold

കൊച്ചി: തുടർച്ചയായ നാലാംദിനവും സംസ്ഥാനത്ത് സ്വർണവില റെക്കാഡ് ഉയരം കുറിച്ചു. ഇന്നലെ പവന് 480 രൂപ വർദ്ധിച്ച് വില 37,880 രൂപയായി. 60 രൂപ ഉയർന്ന് 4,735 രൂപയാണ് ഗ്രാം വില. നാലു ദിവസത്തിനിടെ പവന് കൂടിയത് 1,280 രൂപയാണ്; ഗ്രാമിന് ഗ്രാമിന് 160 രൂപയും.

മൂന്നു ശതമാനം ജി.എസ്.ടി., 0.25 ശതമാനം പ്രളയ സെസ്, കുറഞ്ഞത് 8 ശതമാനം പണിക്കൂലി എന്നിവ കൂടിച്ചേർത്താൽ ഒരു പവൻ ആഭരണത്തിന് കേരളത്തിൽ ഇപ്പോൾ നൽകേണ്ട വില 44,000 രൂപയോളമാണ്. അതേസമയം, വിലക്കയറ്റവും കർക്കടകവും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും സമ്പദ്‌ഞെരുക്കവും മൂലം സംസ്ഥാനത്ത് സ്വർണാഭരണ വിപണിയിൽ ഒറ്റപ്പെട്ട വില്പന മാത്രമാണ് നടക്കുന്നത്.

കൊവിഡ് മൂലം ഓഹരി, കടപ്പത്രം, റിയൽ എസ്‌റ്രേറ്ര്, ക്രൂഡോയിൽ തുടങ്ങിയ നിക്ഷേപ മാ‌ർഗങ്ങളുടെ ഭാവി അനിശ്‌ചിതത്വത്തിൽ ആയതിനാൽ, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പ്രിയമേറുന്നതാണ് സ്വർണ വിലക്കുതിപ്പിന് കാരണം. രാജ്യാന്തര വിപണിയിൽ ഇന്നലെ വില ഔൺസിന് ഒരുവേള 1,900 ഡോളർ കടന്നെങ്കിലും പിന്നീട് 1,885 ഡോളറിലേക്ക് താഴ്‌ന്നു. ലാഭമെടുപ്പ് ഉണ്ടായില്ലെങ്കിൽ, ഈയാഴ്‌ച തന്നെ വില 2011ലെ റെക്കാഡായ 1,917 ഡോളർ മറികടന്നേക്കുമെന്ന് എ.കെ.ജി.എസ്.എം.എ ട്രഷറർ എസ്. അബ്‌ദുൽ നാസർ 'കേരളകൗമുദി"യോട് പറഞ്ഞു. അങ്ങനെയെങ്കിൽ ഗ്രാം വില 5,000 രൂപയും പവൻ വില 40,000 രൂപയും ഭേദിക്കും.