ahmadabad

അഹമ്മദാബാദ്: കൊവിഡ് രാജ്യമാകെ ആരംഭിച്ച കാലത്ത് വിജയ മാതൃകയായിരുന്നു കേരളത്തിൽ സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങൾ. രാജ്യാന്തര മാദ്ധ്യമങ്ങളിൽ ബിബിസി വരെ പുകഴ്‌ത്തിയ ആ മാതൃക പക്ഷെ പൂർണമായും വിജയത്തിലെത്തിക്കാൻ നമുക്ക് കഴിഞ്ഞില്ല. എന്നാൽ ഇതിന് നേരെ വിപരീതമാണ് ഗുജറാത്തിൽ നിന്ന് കേൾക്കുന്ന കൊവിഡ് വർത്തമാനം.

ആദ്യഘട്ടത്തിൽ രാജ്യത്ത് വളരെവേഗം കൊവിഡ് പടർന്ന് പിടിച്ച സംസ്ഥാനമായിരുന്നു ഗുജറാത്തിൽ. ഇതിൽ ഏറിയ പങ്കും അഹമ്മദാബാദ് നഗരത്തിൽ തന്നെയായിരുന്നു. കാര്യങ്ങൾ കൈവിട്ടുപോയ അവസ്ഥയിൽ പ്രധാന ഉദ്യോഗസ്ഥരെ മാറ്റിനിർത്തേണ്ട അവസ്ഥ വരെ അവിടെയുണ്ടായി. എന്നാൽ ആ നാണക്കേടിന്റെ കഥകളെ ഇന്ന് പ്രവർത്തനങ്ങളിലെ തിരിച്ചുവരവു കൊണ്ട് വിസ്‌മൃതിയിലാക്കുകയാണ് അഹമ്മദാബാദ്. കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ പ്രതീക്ഷിച്ചിരുന്ന നിരക്കിനെക്കാൾ 40% കുറവാണ് ഇപ്പോൾ അവിടെ രേഖപ്പെടുത്തിയിരിക്കുന്ന രോഗനിരക്ക്. രാജ്യത്തെ വിദഗ്‌ധർ പ്രവചിച്ചത് മുംബയിൽ മേയ് മാസം പകുതിയോടെയും ഡൽഹിയിൽ ജൂൺ ആദ്യവും ചെന്നൈയിൽ ജൂലായിലും അഹമ്മദാബാദിൽ ജൂൺ ആദ്യവുമാണ് രോഗം രൂക്ഷമാകുക എന്നാണ്.

ആദ്യ ഘട്ടത്തിൽ തന്നെ കർശന നിയന്ത്രണങ്ങളും മതിയായ സൗകര്യങ്ങളും ഏർപ്പെടുത്തിയതോടെ അഹമ്മദാബാദിൽ മരണ നിരക്ക് പിടിച്ചു നിർത്താനായി. മരുന്നുകളുടെ വിതരണത്തിന് ധന്വന്തരി രഥം, മൊബൈൽ ഔട്ട് പേഷ്യന്റ് ഡിപ്പാർട്ട്മെന്റ് വാർഡ് വാനുകൾ,കൊവിഡ് ബാധിതരെ സഹായിക്കാനായി 104 ഹെൽപ്‌ലൈൻ. ഹോട്ട്‌സ്‌പോട്ടും മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ അറിയാനും സഹായങ്ങൾക്കുമുള‌ള ആരോഗ്യ സേതു ആപ്പ് വഴിയുള‌ള സേവനം ഇവയെല്ലാം ഫലപ്രദമായി നടപ്പാക്കി മികച്ച അഹമ്മദാബാദ് മോഡലായി മാറി.

422 ഐ സി യുകൾ ആവശ്യമായി വരുമെന്നായിരുന്നു വിദഗ്ധ പ്രവചനം എന്നാൽ 350 എണ്ണം മാത്രമാണ് വേണ്ടിവന്നത്. 1507 ഓക്‌സിജനോട് കൂടിയ ബെഡുകൾ ഒരുക്കി. അവിടെ ആവശ്യം വന്നത് 800 എണ്ണം മാത്രം. രോഗം രൂക്ഷമാകുമ്പോൾ 510 പേർ മരണമടയും എന്നായിരുന്നു കണക്ക്. എന്നാൽ ജൂലായ് 19 വരെ നൂറുപേരിൽ താഴെയാണ് മരണനിരക്ക്. ദ്രുത പരിശോധനയും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിലും മരണനിരക്ക് കുറക്കുന്നതിലും സംസ്ഥാന ഭരണകൂടത്തിന് കഴിഞ്ഞു. അങ്ങനെ കൊവിഡ് പ്രതിരോധത്തിലെ പരാജയത്തിൽ നിന്ന് വിജയത്തിലേക്ക് അതിവേഗം കുതിച്ചെത്തിയിരിക്കുകയാണ് അഹമ്മദാബാദ്.