അബുദാബി: കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് വാഗ്ദ്ധാനവുമായി എമിറേറ്റ്സ് എയർലൈൻസ്. യാത്രയ്ക്കിടെ ഏതെങ്കിലും സാഹചര്യത്തിൽ വൈറസ് ബാധയുണ്ടായാൽ ആ വ്യക്തിക്ക് 1,30,49,000 രൂപ മെഡിക്കൽ ചിലവിനത്തിൽ ഇൻഷുറൻസായി നൽകുമെന്ന് അധികൃതർ അറിയിച്ചു.
യാത്ര ചെയ്യുന്ന അന്ന് തൊട്ട് മുപ്പത്തിയൊന്ന് ദിവസത്തേക്കാണ് ഇതിന് സാധുതയുണ്ടാകുക. 2020 ഒക്ടോബർ 31വരെ ബുക്ക് ചെയ്യുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. അതോടൊപ്പം രോഗബാധിതന്റെ പതിനാല് ദിവസത്തെ ക്വാറന്റീൻ ചിലവും എമിറേറ്റ്സ് വഹിക്കും. പ്രതിദിനം നൂറ് യൂറോവച്ച്(ഏകദേശം 8600രൂപ) നൽകും.അന്താരാഷ്ട്രതലത്തിലുള്ള സർവീസുകൾ പുനരാരംഭിച്ചിരിക്കുന്നതിന്റെ ഭാഗമായി യാത്ര പ്രോത്സാഹിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനം.
അതേസമയം, ഈ സേവനം യാത്രക്കാർക്ക് തികച്ചും സൗജന്യമാണ്. പ്രത്യേക രജിസ്‌ട്രേഷനും ആവശ്യമില്ല. ഏത് രാജ്യത്തേക്ക് ടിക്കറ്റ് എടുക്കുന്നവർക്കും ആനുകൂല്യം ലഭിക്കും. മാത്രമല്ല ലക്ഷ്യസ്ഥാനത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്താലും ഈ സേവനം കിട്ടും.