തിരുവനന്തപുരം:എൻ ഐ എ സെക്രട്ടേറിയറ്റിലെത്തിയത് കേരളത്തിന് അപമാനകരമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 'അസാധാരണ നപടികളാണ് സംസ്ഥാനത്ത് ഇപ്പോൾ നടന്നുകൊണ്ടിക്കുന്നത്. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇങ്ങനെ സംഭവിച്ചിട്ടില്ല. ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലാണ് മുഖ്യമന്ത്രി പെരുമാറുന്നത്. മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. മാന്യമായി രാജിവച്ച് പോകണം. സ്വർണക്കടത്തിൽ ഒരു നടപടിയും കേരള പൊലീസ് ഇതുവരെ സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണിത്. ആഭ്യന്തരവകുപ്പ് തുടക്കംമുതലേ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കൺസൾട്ടൻസികളെ മുട്ടീട്ട് നടക്കാൻ വയ്യാത്ത അവസ്ഥയാണ് കേരളത്തിൽ'-ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും സെക്രട്ടേറിയറ്റിലേക്കും എല്ലാം അന്വേഷണം എത്തിയതിനെ കുറിച്ച് ഇടത് മുന്നണി ഘടകക്ഷികൾക്ക് പറയാനുളളത് എന്താണെന്ന് അറിയാൽ പ്രതിപക്ഷത്തിന് താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ രാജി, സി ബി ഐ അന്വേഷണം എന്നിവ ആവശ്യപ്പെട്ട് അടുത്തമാസം ഒന്നിന് സ്പീക്ക് അപ്പ് കേരള എന്ന പേരിൽ ജനപ്രതിനിധികളുടെ സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും ചെന്നിത്തല അറിയിച്ചു.