protest

തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി കടത്തിയ സ്വർണം വിറ്റുകിട്ടിയ പണം കേന്ദ്ര സർക്കാരിന്റെ വിവാദ പൗരത്വ ബില്ലിനെതിരായി ഡൽഹിയിലും ഉത്തർപ്രദേശിലും നടന്ന പ്രതിഷേധങ്ങൾക്ക് ഉപയോഗിച്ചോയെന്ന് സംശയം. ഇതേക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾ വിശദമായ അന്വേഷണം തുടങ്ങി. വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി 30 കിലോ സ്വർണം കടത്തിയ കേസിൽ അറസ്‌റ്റിലായ പ്രതികൾ മുമ്പും സ്വർണക്കടത്ത് നടത്തിയതായി വെളിപ്പെടുത്തിയിരുന്നു. 20 തവണയായി 112 കിലോ സ്വർണമാണ് ഇത്തരത്തിൽ കടത്തിയതെന്ന വിവരവും പുറത്തുവന്നിരുന്നു. തുടർന്നാണ് സ്വർണ്ണക്കടത്തിലൂടെ കിട്ടിയ പണം ഇത്തരം ചില പ്രക്ഷോഭങ്ങൾക്ക് ഉപയോഗിച്ചതായി സംശയമുയർന്നത്.

ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ പൗരത്വ ബിൽ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചതെന്ന ചില ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അറസ്റ്റിലായവരുടെ മൊഴി അനുസരിച്ച് യു.എ.ഇ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഫണ്ടുകളുടെ വരവിനെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വിവരം നൽകിയത് മലയാളി

പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി യുവാവിൽ നിന്നാണ് വിദേശ ഫണ്ട് സംബന്ധിച്ച നിർണായക വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്. കേരള പൊലീസ് നൽകിയ വിവരത്തെ തുടർന്നായിരുന്നു യു.പിയിൽ ഇയാളെ അറസ്റ്റ് ചെയ്തത്. പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തിന് ഗൾഫിൽ നിന്ന് ഫണ്ട് നൽകിയ ചില സംഘടനകളെ രഹസ്യാന്വേഷണ ഏജൻസികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. യു.എ.ഇ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ശക്തമായ നെറ്റ്‌വർക്കുള്ള ഈ സംഘടനകളുടെ സഹായത്തോടെയാണ് കേരളത്തിലേക്ക് സ്വർണം കടത്തിയതെന്ന് അന്വേഷണ ഏജൻസികൾ ഉറച്ചു വിശ്വസിക്കുന്നു. പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭങ്ങൾക്ക് പണം നൽകുന്ന ഗൾഫിലെ മൂന്ന് സംഘടനകളുമായി ചില മലയാളികൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പ്രധാന ഫണ്ടിംഗ് ഉറവിടം സ്വർണക്കടത്താണെന്നും മനസിലായതായി ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

കേരളത്തിൽ ദേശവിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന രണ്ട് സംഘടനകൾ യുവാക്കളെ രാജ്യദ്രോഹ പ്രവർത്തനത്തിന് പ്രേരിപ്പിക്കുന്നെന്ന വിവരവും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇതേക്കുറിച്ച് കേന്ദ്ര ഏജൻസികളെ അറിയിച്ചിട്ടുണ്ട്. ഭീകരപ്രവർത്തനത്തിന് പണം കണ്ടെത്തുന്ന സംഘടനകളെ സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡി.ജി.പിയും പറയുന്നു.

നിരീക്ഷണ വലയത്തിൽ

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് നേരത്തെ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില റാക്കറ്റുകളും നിരീക്ഷണത്തിലുണ്ടായിരുന്നു. ഇതിനുമുമ്പും കേരളത്തിൽ പലവിധ മാർഗങ്ങളിലൂടെ സ്വർണക്കടത്ത് വർഷങ്ങളായി നടക്കുന്നുണ്ടെങ്കിലും യു.എ.ഇയിൽ നിന്നുള്ള നയതന്ത്രചാൽ വഴി സ്വർണം കടത്തുന്ന ചില സംഘടനകൾ കേന്ദ്ര ഏജൻസികളുടെ രഹസ്യനിരീക്ഷണത്തിൽ ആയിരുന്നെന്ന് വിശ്വസ്ത വൃത്തങ്ങൾ വെളിപ്പെടുത്തി. തുടർന്നാണ് കേന്ദ്ര ഏജൻസികൾ കേരളത്തിലെ കസ്‌റ്റംസ് യൂണിറ്റുമായി നിരന്തരം സമ്പർക്കം പുലർത്തിവന്നത്.