us-condulate

ബീജിംഗ്: ഹൂസ്റ്റണിലെ കോൺസുലേറ്റ് മൂന്നുദിവസത്തിനകം അടച്ചുപൂട്ടാൻ അമേരിക്ക ബീജിംഗിന് നിർദേശം നൽകിയതിന് തൊട്ടുപിന്നാലെ പ്രതികാര നടപടിയുമായി ചൈന. തെക്കുപടിഞ്ഞാറൻ നഗരമായ ചെങ്ഡുവിലെ യു.എസ് കോൺസുലേറ്റ് അടച്ചുപൂട്ടാൻ ചൈന ഉത്തരവിട്ടു.

'യു.എസിന്റെ യുക്തിരഹിതമായ നടപടികളോട് നിയമാനുസൃതവും, ഉചിതവുമായ പ്രതികരണമാണ് ഈ നടപടി. ഈ പ്രശ്നങ്ങൾക്ക് ഉത്തരവാദി അമേരിക്ക തന്നെയാണ്'- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ബീജിംഗിലെ എംബസിക്ക്​ പുറമേ ചൈനയിലും ഹോ​ങ്കോങ്ങിലുമായി അഞ്ച്​ കോൺസുലേറ്റുകളാണ്​​ യു.എസിനുള്ളത്​.

ഹൂസ്​റ്റണിലെ ചൈനീസ്​ കോൺസുലേറ്റ്​ അടച്ചുപൂട്ടാൻ അമേരിക്ക ഉത്തരവിട്ടതിന്​ പിന്നാലെയാണ്​ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രയുദ്ധം കൂടുതൽ വഷളാകുന്നത്​. ചാരവൃത്തി ആരോപിച്ചായിരുന്നു അമേരിക്കയുടെ നടപടി. കൊവിഡ് വാക്സിൻ വിവരങ്ങൾ ചൈന ചോർത്തിയെന്ന് യു.എസ് ആരോപിച്ചിരുന്നു. കൂടുതൽ ചൈനീസ്​ കോൺസുലേറ്റുകൾ അടക്കാൻ ഉത്തരവിടുന്നത്​ സംബന്ധിച്ച്​ ആലോചിക്കുന്നുണ്ടെന്ന്​ ട്രംപ്​ നേരത്തെ വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിന്​ പിന്നാലെ യു.എസിന്​ തിരിച്ചടി നൽകുമെന്ന്​ ചൈന വ്യക്​തമാക്കിയിരുന്നു.