തിരുവനന്തപുരം: കേരളത്തിൽ ഒരുകാരണവശാലും സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. എന്നാൽ അനിവാര്യമായ സ്ഥലത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ആകാമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഇന്ന് സർവകക്ഷി യോഗം വിളിച്ചിരിക്കുകയാണ്. സമ്പൂർണ ലോക്ക്ഡൗൺ ഉൾപ്പടെയുളള കാര്യങ്ങൾ യോഗത്തിൽ ചർച്ചചെയ്യും. ഈ യോഗത്തിൽ ഉയരുന്ന അഭിപ്രായങ്ങൾകൂടി പരിഗണിച്ചാവും തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗം സമ്പൂർണ ലോക്ക്ഡൗണിൽ തീരുമാനമെടുക്കുക. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് രണ്ട് അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു.
രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന നിർദ്ദേശം ആരോഗ്യവകുപ്പാണ് മുന്നോട്ടുവച്ചത്. എന്നാൽ സമ്പൂർണ ലോക്ക്ഡൗൺ പ്രയാേഗികമല്ലെന്നും പ്രാദേശിക തലത്തിലുള്ള ലോക്ക് ഡൗണാണ് കൊവിഡ് വ്യാപനം തടയുന്നതിന് ഫലപ്രദമെന്നും ഐ എം ഐ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.