jayalalitha

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമായുള്ള അനുഭവം പങ്കുവച്ച് കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും മലയാള സർവകലാശാലയുടെ ആദ്യ വൈസ് ചാൻസിലറുമായിരുന്ന കെ.ജയകുമാർ ഐ.എ.എസ്. ചീഫ് സെക്രട്ടറിയായിരുന്ന കാലയളവിൽ കാവേരി നദീ ജല തർക്കവുമായി ബന്ധപ്പെട്ട മീറ്റിംഗിൽ പങ്കെടുത്തപ്പോഴുള്ള അനുഭവമാണ് ജയകുമാർ പറയുന്നത്. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് കെ. ജയകുമാർ മനസു തുറന്നത്. പ്രശസ്‌ത സംവിധായകനായിരുന്ന എം.കൃഷ്‌ണൻ നായരുടെ മകനാണ് കെ.ജയകുമാർ

'എം.ജി.ആറുമായിട്ട് അച്ഛന് നല്ല അടുപ്പമായിരുന്നു. റിക്ഷാക്കാരൻ അടക്കമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്‌തത് അച്ഛനായിരുന്നു. എം.ജി.ആറിന്റെ സെറ്റുകളിൽ മുറുക്കുന്നതിന് അച്ഛന് സ്പെഷ്യൽ പെർമിഷനുണ്ടായിരുന്നു. ഇരുവരും വളരെ നല്ല അടുപ്പമായിരുന്നു. പീരുമേട് ഷൂട്ടിംഗ് നടക്കുമ്പോൾ ഞങ്ങൾ ഫാമിലിയായിട്ട് അവിടെ ഉണ്ട്. എം.ജി.ആർ ഡിന്നറിന് ക്ഷണിച്ചിരിക്കുകയാണ്. തറയിലിരുന്നാണ് അദ്ദേഹം ഭക്ഷണം കഴിക്കുക. അന്ന് ജയലളിതയുമായും സംസാരിച്ചു. പിന്നീട് ഞാൻ ചീഫ് സെക്രട്ടറി ആയതിനു ശേഷം പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിന്റെ ഔദ്യോഗിക വസതിയിൽ കാവേരി നദീ ജല തർക്കവുമായി ബന്ധപ്പെട്ട് മീറ്റിംഗിൽ പങ്കെടുക്കാൻ എത്തി. അന്ന് ജയലളിതയാണ് തമിഴ്നാട് മുഖ്യമന്ത്രി. കർണാടകയും തമിഴ്‌നാടുമായാണ് പ്രധാന തർക്കം.

5.20 ആയപ്പോഴേക്കും ജയലളിത എത്തി. പ്രധാനമന്ത്രി വരാൻ പിന്നെയും സമയമുണ്ട്. ജയലളിതയുടെ പിന്നിൽ ഒരുപാട് ഉദ്യോഗസ്ഥ സംഘം നിൽപ്പുണ്ട്. കേരള ചീഫ് സെക്രട്ടറി എന്ന നിലയ്‌ക്ക് മുൻ സീറ്റിൽ ഞാനും ഇരിക്കുകയാണ്. മൂകതയേറിയപ്പോൾ ജയലളിതയുടെ അടുത്തേക്ക് ഞാൻ ചെന്നു. എല്ലാവരും ആകാംക്ഷയോടെ നോക്കുകയാണ്. സെക്രട്ടറിമാർ പോലും അവരുടെ മുന്നിൽ ഇരിക്കില്ല. അങ്ങനെയുള്ളപ്പോഴാണ് എന്റെ നീക്കം.

'മാഡം ഐം ചീഫ് സെക്രട്ടറി ഒഫ് കേരള', ഞാൻ പറഞ്ഞു. അറിയാം എന്ന് അവർ മറുപടി നൽകി. പക്ഷേ ഞാൻ ഇപ്പോൾ ആ കപ്പാസിറ്റിയിൽ അല്ല മാഡത്തെ കാണാൻ വന്നത്. മാഡത്തെ സംവിധാനം ചെയ്‌തിട്ടുള്ള ഒരു ഡയറക്‌ടറുടെ മകനാണ് ഞാൻ. യാര്? എം. കൃഷ്‌ണൻ നായരുടെ മകനാണ്, ഞാൻ മറുപടി നൽകി. ഒരുപാട് സന്തോഷത്തോടെയാണ് അവർ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചത്. ഈ സമയത്ത് മറ്റുള്ളവരെല്ലാം അന്തംവിട്ടിരിക്കുകയാണ്. കേരള ചീഫ് സെക്രട്ടറിയുമായി നമ്മുടെ സി.എമ്മിന് എന്തുബന്ധം എന്ന ചിന്തയിലാണവർ.

ഷീ വാസ് വെരി റെസ്‌ബോൺസിബിൾ. വളരെ ഭംഗിയായിട്ട് അവർക്ക് റിയാക്‌ട് ചെയ്യാൻ അറിയാം. ചുമ്മാതല്ല അവർ‌ നേതാവായതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഓരോ സന്ദ‌ർഭത്തിനും അനുസരിച്ച് പെരുമാറാൻ ജയലളിതയ്‌ക്ക് അറിയാം'.