bank

കൊച്ചി: ബാങ്ക് ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ശമ്പളം 15 ശതമാനം വർദ്ധിപ്പിക്കാനുള്ള തീരുമാനം നേട്ടമാകുന്നത് 37 ബാങ്കുകളിലെ 8.5 ലക്ഷം പേർക്ക്. പൊതുമേഖല, സ്വകാര്യ മേഖല എന്നിവയ്ക്ക് പുറമേ രാജ്യത്തെ വിദേശ ബാങ്കുകളിലെ ജീവനക്കാർക്കും വേതന വർദ്ധന ബാധകമാണ്. 2017 നവംബർ മുതൽ, മുൻകാല പ്രാബല്യത്തോടെയാണ് വേതന വർദ്ധന.

ഓരോ അഞ്ചുവർഷത്തിലുമാണ് ബാങ്കുകളുടെ കൂട്ടായ്‌മയായ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനും (ഐ.ബി.എ) ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്‌മയായ യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസും (യു.എഫ്.ബി.യു) ചർച്ച നടത്തുന്നത്. ഇതിനു മുമ്പ്, 2012ൽ വേതന വർദ്ധന ലഭിച്ചു. തുടർന്ന്, 2017-22 കാലയളവിലേക്കുള്ള ചർച്ച 2017ൽ ആരംഭിച്ചു. 20 ശതമാനം വർദ്ധനയാണ് യൂണിയനുകൾ ആവശ്യപ്പെട്ടത്. 12.25 ശതമാനം നൽകാമെന്ന് ബാങ്കുകൾ പറഞ്ഞു.

ഒത്തുതീർപ്പിലെത്താൻ പിന്നീട് മൂന്നുവർഷക്കാലയളവിൽ നടന്നത് 35ഓളം മാരത്തൺ ചർച്ചകളാണ്. തുടർന്ന്, നിലവിലെ കൊവിഡ്, ലോക്ക്ഡൗൺ സാഹചര്യങ്ങളും സാമ്പത്തിക ഞെരുക്കവും ബാങ്കുകളുടെ ബാലൻസ് ഷീറ്റും പരിഗണിച്ച് 15 ശതമാനം വർദ്ധനയെന്ന ഒത്തുതീർപ്പിൽ ഐ.ബി.എയും യു.എഫ്.ബി.യുവും എത്തുകയായിരുന്നു.

''നിലവിലെ സമ്പദ്‌സാഹചര്യവും ബാങ്കുകളുടെ ബാലൻസ് ഷീറ്റും നോക്കുമ്പോൾ 15 ശതമാനം വേതന വർദ്ധന തൃപ്‌തികരമാണ്"",

കെ.എസ്. കൃഷ്‌ണ,

ജോയിന്റ് ജനറൽ സെക്രട്ടറി,

ഓൾ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷൻ

പ്രത്യേക ഇൻസെന്റീവും

ബാങ്കുകളുടെ അറ്രാദായം കണക്കാക്കി ജീവനക്കാർക്ക് പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പി.എൽ.ഐ) നൽകാനും തീരുമാനമുണ്ട്. അറ്രാദായ വളർച്ച 5 ശതമാനത്തിന് താഴെയെങ്കിൽ ഇൻസെന്റീവില്ല. 5-10 ശതമാനമാണ് വളർച്ചയെങ്കിൽ 5 ദിവസത്തെ ശമ്പളം അധികമായി ലഭിക്കും. വളർച്ച 15 ശതമാനത്തിനുമേൽ ആണെങ്കിൽ 15 ദിവസത്തെ ശമ്പളമാണ് അധികമായി ലഭിക്കുക. പൊതുമേഖലാ ബാങ്കുകളിൽ ഇൻസെന്റീവ് നടപ്പുവർഷം മുതൽ നടപ്പാക്കും. സ്വകാര്യ, വിദേശ ബാങ്കുകൾക്ക് ഇത് 'ഓപ്‌ഷണൽ" ആണ്.

₹7,900 കോടി

ശമ്പളവർദ്ധന നടപ്പാക്കുമ്പോൾ ബാങ്കുകൾക്കുണ്ടാകുന്ന അധിക ബാദ്ധ്യത.

പൊതു-സ്വകാര്യ അന്തരം

പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ബാങ്കിംഗ് രംഗത്ത് ശമ്പളത്തിൽ അന്തരമുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുമുണ്ട്. പൊതുമേഖലയിൽ ശമ്പളം കുറവെങ്കിലും ജോലിസ്ഥിരതയുണ്ടെന്നതാണ് പ്രധാന അനുകൂലവാദം.

എച്ച്.ഡി.എഫ്.സി ബാങ്ക് മാനേജിംഗ് ഡയറക്‌ടർ ആദിത്യപുരി 2019-20ൽ വാങ്ങിയ വേതനം 18.9 കോടി രൂപയാണ്. ഏറ്രവും വലിയ ബാങ്കായ എസ്.ബി.ഐയുടെ ചെയർമാൻ രജനീഷ് കുമാർ വാങ്ങിയത് 31.2 ലക്ഷം രൂപ!