anil-antony

തിരുവനന്തപുരം: കഴിഞ്ഞ നാല് മാസമായി കൊവിഡ് പ്രതിരോധ രംഗത്ത് സജീവമായി പ്രവർത്തിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനും കെ.പി.സി.സിയുടെ ഡിജിറ്റൽ മീഡിയ സെൽ കൺവീനറുമായ അനിൽ ആന്റണി. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുപ്പ് അടുത്തതിനാൽ തന്നെ ഡിജിറ്റൽ മീഡിയ സെല്ലും കൊവിഡ് പ്രതിരോധവും ഒരുമിച്ച് കൊണ്ടുപോവാനുള്ള ഒരുക്കത്തിലാണ് അനിൽ. അതിനിടെ കോൺഗ്രസിന്റെ ഐ.ടി സെല്ലിലെ സുപ്രധാനമായ ദേശീയ പദവിയും ഇദ്ദേഹത്തെ തേടിയെത്തി. അനിൽ ആന്റണി കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു..

കൊവിഡിനെതിരായ പോരാട്ടത്തിൽ മുൻ നിരയിൽ തന്നെ അനിൽ ആന്റണി ഉണ്ടല്ലോ? രാജ്യമൊട്ടാകെ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്..

കൊറോണ കാലം തുടങ്ങിയ സമയത്ത് കൊവിഡിനെതിരായി ഒരു നാഷണൽ ആക്ഷൻ ഗ്രൂപ്പ് തുടങ്ങിയിരുന്നു. പാ‌ർലമെന്റേറിയൻസ് വിത്ത് ഇനോവേറ്റീവ്സ് ഫോർ ഇന്ത്യ എന്നാണ് ഗ്രൂപ്പിന്റെ പേര്. വിവിധ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ട പതിനഞ്ച് എം.പിമാർ ഈ സംഘടനയുടെ ഭാഗമാണ്. അക്കാദമിക്ക് രംഗത്ത് നിന്നുളള ബുദ്ധിജീവികളും നിക്ഷേപകരമെല്ലാം ചേർന്നതാണ് ഈ ഗ്രൂപ്പ്. സമാജ്‌വാദി പാർട്ടിയുടെ വക്താവായ ഗൻശ്യാം തിവാരിയുടെ ആശയമായിരുന്നു ഇത്. അദ്ദേഹം ആരോഗ്യ നയങ്ങളിൽ വിദഗ്‌ധനാണ്. ആദ്യ ആഴ്ച തന്നെ ഞങ്ങൾക്ക് മുന്നൂറിലധികം പ്രപോസൽ വന്നിരുന്നു. എന്നാൽ കേന്ദ്രസർക്കാർ എം.പി ഫണ്ടുകൾ രണ്ട് വർഷത്തേയ്ക്ക് നിർത്തിയതോടെ ഞങ്ങളുടെ പദ്ധതികളെ അത് സാരമായി ബാധിച്ചു. ഞങ്ങളോടൊപ്പം ഇരുപതോളം മെന്റേഴ്‌സ് ഉണ്ട്. പിന്നീട് ഞങ്ങൾ കൊവിഡ് ട്രീറ്റ്മെന്റ് കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനമെടുത്തു. അതിന്റെ പൈലറ്റ് ചെക്കിംഗ് തിരുവനന്തപുരത്താണ് നടന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെയർമാനായ രാജീവ് ഗാന്ധി സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിന്റെ കെട്ടിടം ഇതിനായി വിട്ടുനൽകി. അവിടെ ആനന്ദ് സർവകലാശാലയും ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റിയുമായി ചേർന്ന് ഇരുപത് കിടക്കകളുള്ള കൊവിഡ് കേന്ദ്രം തുടങ്ങുകയും അത് സംസ്ഥാന സ‌ർക്കാരിന് കൈമാറുകയും ചെയ്‌തു. കണ്ണൂർ വിമാനത്താവളത്തിൽ ലാർജ് സ്‌കെയിൽ ടെംപറേച്ചർ സ്‌കെയിൽ സ്ഥാപിക്കാനും അവസരമുണ്ടായി. ഞങ്ങളുടെ പ്രൈമറി ഫോക്കസ് ഇപ്പോൾ ട്രീറ്റ്മെന്റ് സെന്ററുകൾക്കും ടെസ്റ്റിംഗ് കിറ്റുകൾക്കും വേണ്ടിയാണ്. കാരണം ഇത് രണ്ടുമാണ് അത്യാവശ്യം. കൊവിഡ് ഏറ്റവും കൂടുതൽ വ്യാപിക്കുന്ന സ്ഥലങ്ങളായ ഡൽഹിയിലും ഗുജറാത്തിലുമെല്ലാം കൊവിഡ് കേന്ദ്രങ്ങൾ തുടങ്ങാനായി.

ഇനി എന്തൊക്കെയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് ?

രാജ്കോട്ടിൽ 75 കിടക്കകളുള്ള ഒരു കൊവിഡ് കേന്ദ്രം തുടങ്ങാനായി. ഇനി സൂറത്തിലും അഹമ്മദാബാദിലുമാണ് കൊവിഡ് കേന്ദ്രങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്നത്. അമ്പത് കിടക്കകളുള്ള കേന്ദ്രങ്ങളാണ് അവിടെ ഒരുങ്ങുന്നത്. ഡൽഹിയിൽ റിക്കവറി സെന്റർ ആരംഭിച്ച് കഴിഞ്ഞു. ആവശ്യമുണ്ടെങ്കിൽ കേരളത്തിൽ ഇനിയും കൊവിഡ് കേന്ദ്രങ്ങൾ തുടങ്ങും.

വിവിധ രാഷ്ട്രീയ പാർട്ടികളിലുളള ജനപ്രതിനിധികൾ ഈ സംഘടനയിലുണ്ടല്ലോ? എങ്ങനെയാണ് എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്നത്?

സംഘടനയിലുള്ള പതിനഞ്ച് എം.പിമാരിൽ കോൺഗ്രസിൽ നിന്ന് മൂന്ന് പേരുണ്ട്. കാർത്തി ചിദംബരവും മനീഷ് തിവാരിയും സജീവമാണ്. ശിവസേനയിൽ നിന്ന് പ്രീയങ്ക ചതുർവേദിയും ആം ആദ്മി പാർട്ടിയിൽ നിന്ന് സഞ്ജയ് സിംഗുണ്ട്. വൈ.എസ്.ആർ കോൺഗ്രസ്, ബി.എസ്.പി അങ്ങനെ ഒട്ടുമിക്ക രാഷ്ട്രീയപാർട്ടികളിൽ നിന്നും പ്രാതിനിധ്യമുണ്ട്. സംഘടനയ്ക്കകത്ത് രാഷ്ട്രീയമില്ല. കൊവിഡിനെതിരായ പോരാട്ടം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം.

കൊവിഡിനെ പ്രതിരോധിക്കുന്നതിൽ നമ്മുടെ സർക്കാരുകൾ നന്നായി പ്രവർത്തിക്കുന്നുണ്ടോ? ഇന്ത്യയിൽ കൊവിഡ് വ്യാപിക്കുന്നതിന് മുമ്പ് പല പാശ്‌ചാത്യ രാജ്യങ്ങളിലും കൊവിഡ് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ജനുവരി നാലിനാണ് ചൈനയിൽ ഇങ്ങനെയൊരു വൈറസിനെ കണ്ട കാര്യം ലോകാരോഗ്യ സംഘടന ആദ്യമായി പറയുന്നത്. അതു കഴിഞ്ഞ് ഫെബ്രുവരിയൊക്കെ ആയപ്പോൾ കൊവിഡ് ഇറ്റലിയിലേക്കെത്തി. അതുകൊണ്ട് തന്നെ നമുക്ക് തയ്യാറെടുക്കാനായി കുറച്ച് സമയമുണ്ടായിരുന്നു. ആ ഭീകരതയൊക്കെ കണ്ടാണ് വിമാനത്താവളങ്ങളൊക്കെ നമ്മൾ അടച്ചത്. എന്നാൽ ലോക്ക്ഡൗൺ ഒന്നും ഒട്ടും പ്ലാൻ ചെയ്യാതെയാണ് നാല് മണിക്കൂർ മുമ്പ് ഇവിടെ പ്രഖ്യാപിച്ചത്. ഇത് ജനങ്ങൾക്ക് ഒരുപാട് ദുരിതമുണ്ടാക്കി. കേസുകൾ ഇപ്പോൾ എല്ലാ സംസ്ഥാനങ്ങളിലും വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. നമ്മുടെ ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനാണ് കേന്ദ്ര.-സംസ്ഥാന സർക്കാരുകൾ ഈ ഘട്ടത്തിൽ ശ്രദ്ധിക്കേണ്ടത്.

കെ.പി.സി.സിയുടെ ഐ.ടി സെൽ കൺവീനറായത് മുതലാണ് താങ്കളെ മലയാളികൾ അറിഞ്ഞുതുടങ്ങിയത്. ഇത് ഒരു പുതിയ റോളാണ്. നേരത്തെ സന്നദ്ധ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നോ. അതോ ഒരു അടിയന്തരഘട്ടത്തിൽ ഏറ്റെടുത്തതാണോ?

രാഷട്രീയ പ്രവർത്തനമായല്ല ഒരു സാമൂഹിക പ്രവർത്തനമായാണ് ഞാൻ ഇതൊക്കെ ചെയ്യുന്നത്. എനിക്ക് ഏറ്റവും അനുയോജ്യമായ രംഗം ടെക്നോളജിയാണ്. കഴിഞ്ഞ കുറേ വർഷമായി ഞാൻ ആ മേഖലയിൽ ആണ് ജോലി ചെയ്യുന്നത്. ടെക്‌നോളജിയുമായി ബന്ധപ്പെട്ട് ചെലവ് കുറഞ്ഞ ഒരുപാട് കാര്യങ്ങൾ കൊവിഡിനെതിരായ പ്രതിരോധത്തിന് സഹായിക്കും. അമ്മയ്ക്കൊപ്പം നേരത്തെ തന്നെ സന്നദ്ധപ്രവർത്തനങ്ങളിൽ ഞാൻ സജീവമായിരുന്നു. കേരള്തതിൽ പ്രളയം വന്ന സമയത്ത് പല സംസ്ഥാനങ്ങളിൽ നിന്നും ക്രൗഡ് ഫണ്ടിംഗ് നടത്തി ഒട്ടുമിക്ക ജില്ലകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. നേരത്തെ പ്ലാൻ ചെയ്യുന്നതല്ല ഇതൊന്നും. സന്ദർഭം വരുമ്പോൾ ചെയ്യുന്നു എന്നേ ഉള്ളൂ.

കൊവിഡ് കാലം വെബിനാറുകളുടെ കാലം കൂടിയാണ്. താങ്കർ തന്നെ ഒട്ടനേകം വെബിനാറുകളിൽ പങ്കെടുക്കുന്നത് കണ്ടു. പുതിയ കാലത്തെ ഈ മാറ്റത്തെ വിലയിരുത്തുന്നത് എങ്ങനെയാണ്?

കൊവിഡ് വന്നതോടെ നമ്മുടെയെല്ലാം പ്രവർത്തന ശൈലിയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. കൊറോണയോട് ഇണങ്ങി നമ്മുടെ ജീവിതം എങ്ങനെ സാധാരണഗതിയിലാക്കാൻ കഴിയും എന്നാണ് എല്ലാവരും ഇപ്പോൾ ആലോചിക്കുന്നത്. അങ്ങനെ വരുമ്പോൾ ഈ ഡിജിറ്റൽ ടൂളുകളുടെയെല്ലാം പ്രസ‌ക്തി വർദ്ധിക്കുകയാണ്. സാമുഹിക അകലം പാലിക്കാനായി എല്ലാവരും ടെക്നോളജി ഉപയോഗിച്ച് തുടങ്ങി. ഓഫീസ് വർക്കുകൾ വരെ അങ്ങനെയാണ് നടക്കുന്നത്. കോൺഗ്രസിന്റെ പ്രവർത്തക സമിതി വരെ സൂം ആപ്പ് വഴിയാണ് നടത്തുന്നത്. പാർലമെന്റ് വരെ വെർച്വൽ ആയി ചേരാൻ കഴിയുമോയെന്നാണ് പലരും ആലോചിക്കുന്നത്. നമ്മുടെ സ്കിൽസ് വർദ്ധിപ്പിക്കാനുള്ള വലിയൊരു അവസരമാണ് വെബിനാർ.

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സ്‌മാർട്ട് ഫോൺ ഇല്ലാത്തതു കൊണ്ട് ഒരു കുട്ടി ആത്മഹത്യ ചെയ്‌ത നാടാണ് കേരളം. ആ സമയത്ത് ഡിജിറ്റൽ ഡിവൈഡിനെപ്പറ്റി വലിയ ചർച്ചകൾ നടന്നിരുന്നു. സി.പി.എം പോളിറ്റ് ബ്യൂറോ വരെ ഇക്കാര്യം ചർച്ച ചെയ്‌തു. ഇനി വരുന്ന കാലം ഡിജിറ്റൽ ഡിവൈഡിന്റേതാണോ?

കഴിഞ്ഞ പതിനഞ്ച് വർഷമായി നമ്മുടെയൊക്കെ ജീവിതത്തിൽ ടെക്‌നോളജിയുടെ സ്വാധീനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഫേസ്‌ബുക്കും വാട്‌സാപ്പുമൊക്കെ ഇതിനിടയിൽ വന്നതാണ്. കൊവിഡ് കൂടി വന്നതോടെ ഇതൊക്കെ നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറി. എന്നാൽ ഇതൊന്നും ഇല്ലാത്തവരുടെ ജീവിതം കൊവിഡ് വന്നതോടെ മുഴുവനായി കട്ട് ഔഫ് ആകുന്നതാണ് നമ്മൾ കണ്ടത്. ഡിജിറ്റൽ ട്രാൻസിഷൻ കുറേ നാളായി നടന്നുകൊണ്ടിരിക്കുകയാണെങ്കിലും ലോക്ക്ഡൗൺ വന്നതോടെ അത് വേഗത്തിലായി. ടെക്‌നേളജി ഇല്ലാത്തവർക്ക് കൊവിഡ് വലിയൊരു ദുരന്തമായി. കൊവിഡ് ഇനി കുറേ കാലത്തേയ്ക്ക് യാഥാർത്ഥ്യമാണ്. ആ ഡിവൈഡ് ഇനി മാറ്റണമെങ്കിൽ എല്ലാവർക്കും ഇന്റർനെറ്റ് എന്നത് സർക്കാർ നയമായി മാറണം. ഇന്റർനെറ്റ് ലഭ്യതയും രാജ്യത്ത് അടിസ്ഥാന സൗകര്യത്തിന്റെ ഭാഗമാകണം.

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും അടുത്തെത്തി.കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ തന്നെ ഓൺലൈനിന് ഒരുപാട് സാദ്ധ്യതകളുള്ള തിരഞ്ഞെടുപ്പുകളാണ് വരുന്നത്. പുതിയ പദ്ധതികൾ കാണുമല്ലോ ?

കഴിഞ്ഞ ഓരോ തിരഞ്ഞെടുപ്പിലും ടെ‌ക്നോളജിയുടെ ഉപയോഗം കൂടികൂടി വരികയായിരുന്നു. എന്നാൽ വരുന്ന തിരഞ്ഞെടുപ്പൽ സാമൂഹിക അകലത്തിന്റെ ഭാഗമായി ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ ഉപയോഗം വർദ്ധിക്കും. അടുത്ത ഒമ്പത് മാസത്തിനുള്ളിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ എല്ലാ സംവിധാനവും ബൂത്ത് തലം വരെ ഡിജിറ്റൽ ആക്കുന്നതിന് വേണ്ടിയാകും ഉപയോഗിക്കുക. ഓരോ സന്ദേശങ്ങളും താഴെത്തട്ടിൽ കൃത്യമായി എത്തിക്കാൻ കഴിയുന്നവർക്ക് വ്യക്തമായ മുൻതൂക്കമുണ്ടാകും. ലൈക്കിലല്ല കാര്യം നമ്മുടെ സന്ദേശം കൃത്യമായി ജനങ്ങളിലേക്കെത്തിക്കുക എന്നതിലാണ് കാര്യം.

മുതിർന്ന നേതാക്കളിൽ പലർക്കും ടെക്‌നോളജി കൃത്യമായി അറിയില്ല. കോൺഗ്രസിൽ ഒരുപാട് മുതിർന്ന നേതാക്കളുണ്ട്. അവരെ ഇതിലോട്ട് അടുപ്പിക്കുക ബുദ്ധിമുട്ടായിരിക്കില്ലേ?

സോഷ്യൽ മീഡിയ ആശയവിനിമയത്തിനുള്ള ഉപാധിയാണ്. നേതാക്കളുടെ സന്ദേശങ്ങൾ കൃത്യമായി സാമൂഹ്യമാദ്ധ്യമങ്ങൾ വഴി ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പ്രധാനം. അതിന് എല്ലാ മുതിർന്ന നേതാക്കളും ഡിജിറ്റൽ രംഗത്ത് വിദഗ്‌ധരായിരിക്കണമെന്നില്ല. സോഷ്യൽ മീഡിയ ഉള്ളതു കൊണ്ട് മാത്രം തിരഞ്ഞെടുപ്പ് വിജയിക്കില്ല. ശക്തമായ പാർട്ടി സംവിധാനം വേണം. സംഘടനയെ ടോപ്പ് അപ്പ് ചെയ്യാനുള്ള മീഡിയമാണ് സോഷ്യൽ മീഡിയ. ലോക്ക്ഡൗൺ കാലം ആയപ്പോൾ തന്നെ കോൺഗ്രസ് നേതാക്കൾ സോഷ്യൽ മീഡിയയിൽ കൂടുതൽ ഇടപഴകാൻ തുടങ്ങി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും മറ്റ് യുവനേതാക്കളുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്.