news

1. തിരുവനന്തപുരം രാജ്യാന്തര സ്വര്‍ണ്ണ കടത്ത് കേസില്‍ അറ്റാഷെയ്ക്കും പങ്കുണ്ടെന്ന് സന്ദീപ് നായര്‍ കസ്റ്റംസിന് മൊഴി നല്‍കിയതായി സൂചന. നിലവില്‍ എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ ആണ് സന്ദീപ് നായരും സ്വപ്ന സുരേഷും. ഇവരെ രണ്ടു പേരേയും ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ആയി കസ്റ്റംസ് സംഘം കൊച്ചി എന്‍.ഐ.എ ഓഫീസില്‍ വച്ച് ചോദ്യം ചെയ്തു. ഇന്നലെ രാത്രി സന്ദീപിനേയും ഇന്ന് രാവിലെ സ്വപ്ന സുരേഷിനേയും ആണ് ചോദ്യം ചെയ്തത്

2. സ്വര്‍ണ്ണ കടത്തു കേസില്‍ മുന്‍ ഐ.ടി സെക്രട്ടറി ശിവശങ്കറിനെ എന്‍.ഐ.എ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. കൊച്ചി എന്‍.ഐ.എ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. ഇന്നലെ അഞ്ചു മണിക്കുറോളം ശിവശങ്കറിനെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചിരുന്നു. സ്വര്‍ണക്കടത്തിലെ കൂടുതല്‍ പ്രതികളുമായി ശിവശങ്കറിന് അടുപ്പമുണ്ടോ എന്നതിന്റെ തെളിവുകള്‍ ശേഖരിക്കാന്‍ എന്‍.ഐ.എയുടെ തീരുമാനിച്ചിരുന്നു. അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ സ്വര്‍ണക്കടത്തില്‍ ബന്ധമില്ലെന്ന് ശിവശങ്കര്‍ വ്യക്തമാക്കിയതോടെ ആണ് അന്വേഷണ സംഘത്തിന്റെ നടപടി.

3. അതേസമയം, സ്വര്‍ണ കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ തന്നെ ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ നിന്നു എന്‍.ഐ.എ വിവരങ്ങള്‍ തേടിയിരുന്നതായി സൂചന. സി.സി.ടി.വി ദൃശ്യങ്ങള്‍ വേണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു. സെക്രട്ടറിയേറ്റിലെ സി.സി.ട.ിവി കാമറ കേടായാലും ദൃശ്യങ്ങള്‍ നഷ്ടപ്പെടില്ലെന്നാണു സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം. സരിതും, സ്വപ്നയും സന്ദീപ് നായരും അറസ്റ്റില്‍ ആയപ്പോള്‍ തന്നെ ശിവശങ്കറുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളിലും ചീഫ് സെക്രട്ടറിയില്‍ നിന്നു എന്‍.ഐ.എ വിവരങ്ങള്‍ തേടിയിരുന്നു. അതിനു പിന്നാലെയാണ് ദൃശ്യങ്ങള്‍ തേടി സെക്രട്ടറിയേറ്റില്‍ എത്തിയത്. കള്ളക്കടത്തു നടന്ന രണ്ടു മാസത്തിനുള്ളില്‍ പ്രതികള്‍ ശിവശങ്കറിന്റെ ഔദ്യോഗിക ഓഫിസിലും എത്തിയെന്നാണ് എന്‍.ഐ.എ യ്ക്ക് കിട്ടിയ വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് രണ്ടു മാസത്തെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. പുതിയ സാഹചര്യത്തില്‍ എന്‍.ഐ.എ ആവശ്യപ്പെട്ട ശിവശങ്കറിന്റെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ നല്‍കും എന്ന് സര്‍ക്കാര്‍. ജൂലായ് ഒന്നു മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം. ഈ കാലയളവിലെ ദൃശ്യങ്ങള്‍ ഇടി മിന്നലില്‍ നശിച്ചിട്ടില്ല എന്ന് വിശദീകരണം.

4 സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം. കൊച്ചിയിലെ കന്യാസ്ത്രി മഠത്തിലെ കിടപ്പ് രോഗിയുടെ മരണം കൊവിഡ് ബാധയെ തുടര്‍ന്ന്. ഇന്നലെ മരിച്ച കോഴിക്കോട് പന്നിയങ്കര സ്വദേശി എം.പി മുഹമ്മദ് കോയക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിന് ഇടെ ഇന്നലെയാണ് മുഹമ്മദ് കോയ മരിച്ചത്. ഇന്നലെ മെഡിക്കല്‍ കോളേജില്‍ മരിച്ച റുഖിയാബിക്കും കൊവിഡ് സ്ഥിരീകരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. റുഖിയാബിയുടെ ബന്ധുവിനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനിടെ, സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. എറണാകുളം ജില്ലയിലെ വൃദ്ധ സദനങ്ങളില്‍ റെഡ് അലര്‍ട്ട് നല്‍കും എന്നും മന്ത്രി.

5. കെ. മുരളീധരന്‍ എം.പി കൊവിഡ് പരിശോധന നടത്തണം എന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍. കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് കൊവിഡ് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം വിവാഹതനായ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം കെ. മുരളീധരന്‍ എം.പി ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൊവിഡ്. ഗൈനക്കോളജി, പത്തോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരില്‍ കൊവിഡ് രോഗി ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി. ആറളം സ്വദേശിയാണ് ചാടിപ്പോയത്. അഞ്ചരക്കണ്ടി കൊവിഡ് സെന്ററില്‍ ചികിത്സയില്‍ ആയിരുന്നു.

6. കൊവിഡ് കേസുകള്‍ കൂടുന്ന എറണാകുളത്ത് സ്ഥിതി സങ്കീര്‍ണം. കൊച്ചി നഗര മേഖലയില്‍ എട്ടു പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കൊച്ചി നഗരസഭാ പരിധിയിലെ മൂന്നും തൃക്കാക്കര കളമശേരി നഗര സഭകളിലെ രണ്ട് വീതം വാര്‍ഡുകളും ആണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആക്കിയത്. ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച നൂറില്‍ 95 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം വ്യാപിച്ചത്. ഒരു പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു

7. രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ ആലുവ കീഴ്മാട് ക്ലസ്റ്റില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആലുവയിലും സമീപ പഞ്ചായത്തുകളിലുമായി നാല്‍പതിലധികം പോസിറ്റീവ് കേസുകളാണ് ഇന്നലെയുണ്ടായത്. പാലക്കാട് പട്ടാമ്പിയില്‍ കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്നു. പത്ത് വയസില്‍ താഴെ ഉള്ള 9 കുട്ടികള്‍ക്ക് ഉള്‍പെടെ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ജില്ലയില്‍ കഴിഞ്ഞ ദിവസം 51 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. കുട്ടികള്‍ക്ക് രോഗം പടരുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.

8. കൂറു മാറിയ എം.എല്‍.എമാരെ അയോഗ്യരാക്കണം എന്ന കേസില്‍ അസാധാരണ നടപടിയുമായി രാജസ്ഥാന്‍ ഹൈകോടതി. വിഷയത്തില്‍ കേന്ദ്രത്തെ കൂടി കക്ഷി ചേര്‍ക്കണമെന്ന സച്ചിന്‍ പൈലറ്റിന്റെ വാദം രാജസ്ഥാന്‍ ഹൈകോടതി അംഗീകരിച്ചു. കേന്ദ്രത്തിന്റെ വാദം കേട്ടതിനു ശേഷം ഈ വിഷയത്തില്‍ വിധിപറയാമെന്ന് ഹൈകോടതി. നാടകീയമായ നീക്കങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്. തിങ്കളാഴ്ച നിയമസഭ സമ്മളനം വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാം എന്നതായിരുന്നു അശോക് ഗെഹ്‌ലോട്ട് പക്ഷത്തിന്റെ കണക്കു കൂട്ടല്‍. എന്നാല്‍, ഈ വിധിയോടെ അതിന് തിരിച്ചടി ഏറ്റിരിക്കുകയാണ്.

9. കോടതി കീഴ്വഴക്കം അനുസരിച്ച് വിധി പ്രസ്താവത്തിന് മാറ്റിവച്ച ഒരു കേസില്‍ മറ്റുള്ളവരെ കക്ഷി ചേര്‍ക്കല്‍ അസാധാരണ നടപടിയാണ്. ഇതോടെ വിധി പ്രസ്താവം നീളുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ പട നയിക്കുന്ന സച്ചിന്‍ പൈലറ്റിന് ഇടക്കാല ആശ്വാസമാവും വിധി. നേരത്തെ, നിയമസഭ സ്പീക്കര്‍ നടത്തുന്ന അയോഗ്യത കല്‍പിക്കല്‍ നീക്കത്തിനെതിരെ സചിന്‍ പൈലറ്റും ഒപ്പമുള്ള 18 എം.എല്‍.എമാരും നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നതില്‍ നിന്ന് ഹൈക്കോടതിയെ വിലക്കണമെന്ന സ്പീക്കറുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചിരുന്നു.