തിരുവനന്തപുരം: ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിൽ കഴിയുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്ഥിതി അതീവ ഗുരുതരം. തലസ്ഥാനത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിനൊപ്പം ആശുപത്രിയിലെ ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കുമടക്കം 15ഒാളം പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചെന്ന് വിവരമുണ്ടെങ്കിലും പകുതി കണക്ക് മാത്രമേ ആരോഗ്യവിഭാഗം പുറത്തുവിട്ടിട്ടുള്ളൂ.
ഇതോടെ രണ്ടു ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 30 കടന്നുവെന്നാണ് സൂചന. ആരോഗ്യപ്രവർത്തകർക്കൊപ്പം ആശുപത്രിയിലെ രോഗികൾക്കും കൊവിഡ് വ്യാപനം രൂക്ഷമായിട്ടുണ്ട്.
എന്നാൽ ഇതിന്റെ ഔദ്യോഗിക കണക്കുകൾ പുറത്തുവിടാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല. ഇതുവരെ ഡോക്ടർമാർ ഉൾപ്പെടെ 300ഓളം ജീവനക്കാർ നിരീക്ഷണത്തിൽ പ്രവേശിച്ചെന്നാണ് വിവരം.
ഇൗ സാഹചര്യത്തിൽ കൂടുതൽ വിഭാഗങ്ങൾ അടച്ചിടേണ്ടി വന്നേക്കും. അതേസമയം പ്രതിസന്ധിയൊന്നുമില്ലെന്ന സമീപനമാണ് ബന്ധപ്പെട്ടവർ സ്വീകരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചതും തിരുവനന്തപുരത്താണ്. വൃക്കരോഗികൾ, ശസ്ത്രക്രിയ കഴിഞ്ഞതുൾപ്പെടെയുള്ളവർ കഴിഞ്ഞ വാർഡിലാണ് രോഗവ്യാപനം കൂടുതലായത്. അതേസമയം ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ഫലം വരാനുണ്ട്. നേരത്തെ തന്നെ ഒ.പിയിൽ അടക്കം നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
ഒ പിയിലെ ഓരോ ചികിത്സാവിഭാഗത്തിലും രാവിലെ ഒൻപതു മുതൽ 12 വരെ ഒരു ദിവസം 50 രോഗികൾക്കേ നിലവിൽ നേരിട്ടു ചികിത്സ ലഭ്യമാക്കുന്നുള്ളൂ. നേരിട്ടുള്ള ചികിത്സ ഒഴിവാക്കാനാവാത്ത രോഗികൾക്കു മാത്രമാണ് ലഭിക്കുക. മറ്റുള്ളവർക്ക് അതത് ചികിത്സാവിഭാഗങ്ങളിലെ ഡോക്ടർമാരുമായി ഫോണിൽ ചികിത്സ സംബന്ധിച്ച് ആശയവിനിമയം നടത്താമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
ഡ്യൂട്ടിക്ക് ഒരേജീവനക്കാർ
മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സ്രവം ശേഖരിച്ച ശേഷം ഇവരെ വീട്ടിലേക്ക് നിർബന്ധിച്ച് പറഞ്ഞുവിടുന്നതായി പരാതിയുണ്ട്. ഇതോടൊപ്പം കൊവിഡ് വാർഡിലും മറ്റ് ഇതര വാർഡുകളിലും ഒരേ ജീവനക്കാരെത്തന്നെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതായും ആരോപണമുണ്ട്. ഇൗ സംഭവത്തിൽ നഴ്സുമാരുടെ സംഘടനകൾ അതൃപ്തി അറിയിച്ചിട്ടുണ്ട്. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ നൽകാതെയാണ് നഴ്സുമാരെ കൊവിഡ് വാർഡുകളിൽ ജോലിക്ക് നിയോഗിക്കുന്നതെന്നും ഇത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാണെന്നും അവർ പറഞ്ഞു.